കേന്ദ്ര ബജറ്റ് ഫെബ്രുവരി ആദ്യം

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിന്‍െറയും അതുമായി ബന്ധപ്പെട്ട പാര്‍ലമെന്‍റ് സമ്മേളനത്തിന്‍െറയും പതിവുരീതികളില്‍ പൊളിച്ചെഴുത്ത് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി. ബജറ്റ് ഇത്തവണ ഒരു മാസം മുമ്പ്, ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കാനാണ് ഉദ്ദേശ്യം. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിനുമുമ്പ് പാര്‍ലമെന്‍റിലെ ബജറ്റ് പാസാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഫെബ്രുവരി അവസാന വാരം തുടങ്ങാറുള്ള പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനവും നവംബര്‍ പകുതിയോടെ തുടങ്ങുന്ന ശീതകാല സമ്മേളനവും നേരത്തേ വിളിച്ചേക്കും. നവംബര്‍ ആദ്യം ശീതകാല സമ്മേളനവും ഫെബ്രുവരി ആദ്യം ഒന്നാം ഘട്ട ബജറ്റ് സമ്മേളനവും തുടങ്ങുന്ന കാര്യമാണ് പരിഗണനയില്‍. മാര്‍ച്ച് മൂന്നാംവാരം രണ്ടാംഘട്ട ബജറ്റ് സമ്മേളനം.
ബജറ്റിന്മേല്‍ പൊതുചര്‍ച്ച നടന്നുകഴിഞ്ഞാല്‍ മൂന്നാഴ്ച ഇടവേള നല്‍കുക പതിവാണ്. 24 സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ ധനാഭ്യര്‍ഥനകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സാവകാശമാണിത്. മാര്‍ച്ച് ആദ്യം രണ്ടാംഘട്ട ബജറ്റ് സമ്മേളനം വിളിച്ചാല്‍ മാര്‍ച്ച് 31നുമുമ്പ് പാര്‍ലമെന്‍റിലെ ബജറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാം.

പരോക്ഷ നികുതികള്‍ ഏകീകരിക്കുന്ന ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പ്രദായത്തിലേക്ക് രാജ്യം മാറുന്നതിന് വഴിയൊരുങ്ങുകയാണ്.
അതിനു പാകത്തില്‍ പാര്‍ലമെന്‍റ് സമ്മേളന, ബജറ്റ് അവതരണ നടപടികള്‍ ക്രമീകരിക്കുന്നതിനുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്‍ദേശമാണ് അംഗീകരിക്കപ്പെടുന്നത്. വകുപ്പുമന്ത്രി അവതരിപ്പിക്കുന്ന പ്രത്യേക റെയില്‍വേ ബജറ്റ് ഇക്കുറി ഉണ്ടാവില്ല. ഇത് പൊതുബജറ്റിന്‍െറ ഭാഗമായി അവതരിപ്പിക്കും.
ജി.എസ്.ടി നടപ്പാക്കുന്നതിന് ഭരണഘടനപ്രകാരം പകുതിയിലേറെ സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമുണ്ട്.

ജി.എസ്.ടി ബില്‍ അംഗീകരിക്കുന്ന പ്രക്രിയ ഏതാണ്ട് ഇത്രയും സംസ്ഥാന നിയമസഭകള്‍ ഇതിനകം പൂര്‍ത്തിയാക്കുകയും ചെയ്തു. ജി.എസ്.ടിയുടെ തുടര്‍നടപടികള്‍ക്ക് പാര്‍ലമെന്‍റിന്‍െറ അനുമതി വേഗത്തില്‍ നേടാന്‍കൂടിയാണ് ശീതകാല പാര്‍ലമെന്‍റ് സമ്മേളനം നേരത്തേയാക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തിന്‍െറ തുടക്കത്തില്‍തന്നെ ജി.എസ്.ടി പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാറിന്‍േറത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.