ദേശീയ പണിമുടക്ക് ഭാഗികം

ന്യൂഡല്‍ഹി: കേന്ദ്ര ട്രേഡ് യൂനിയനുകളുടെ പൊതുപണിമുടക്ക് ദേശീയതലത്തില്‍ ഭാഗികം. കേരളത്തിലും ത്രിപുരയിലും മാത്രമാണ് പണിമുടക്ക് ബന്ദായത്. ഇടതുകേന്ദ്രമായ ബംഗാളില്‍ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ഡല്‍ഹി ഉള്‍പ്പെടെ വന്‍നഗരങ്ങളില്‍ ജനജീവിതം സാധാരണപോലെ ആയിരുന്നു.  മുംബൈ, ചെന്നൈ നഗരങ്ങളിലും ഭാഗികമായിരുന്നു.
ദേശീയതലത്തില്‍ 18 കോടി തൊഴിലാളികള്‍ പണിമുടക്കിയെന്നാണ് യൂനിയന്‍ നേതൃത്വത്തിന്‍െറ അവകാശവാദം.  കേന്ദ്രസര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ, കോര്‍പറേറ്റ് ആശ്രിത നയങ്ങള്‍ക്ക് നേരെയുള്ള താക്കീതാണ് പണിമുടക്കിന്‍െറ വിജയമെന്ന് നേതാക്കള്‍ പറഞ്ഞു.  പണിമുടക്കിയ തൊഴിലാളികള്‍ വിവിധ നഗരങ്ങളില്‍ പ്രകടനം നടത്തി.  
പണിമുടക്ക് ബന്ദായി മാറാറുള്ള ബംഗാളില്‍ ഇക്കുറി ഭാഗികമായിരുന്നു.  കൊല്‍ക്കത്തയിലടക്കം പൊതുവാഹനങ്ങളും ടാക്സികളും സര്‍വിസ് നടത്തി. സര്‍ക്കാര്‍ ഓഫിസുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു.  സമരക്കാരെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഇനി ബന്ദ് നടത്താന്‍ ആരെയും അനുവദിക്കില്ളെന്നും ബന്ദ് നിരോധിച്ച് നിയമം കൊണ്ടുവരുമെന്നും വ്യക്തമാക്കി. തൊഴിലാളിസമരത്തെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് മമത ബാനര്‍ജി ശ്രമിച്ചതെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.  
തമിഴ്നാട്ടില്‍ പണിമുടക്ക് സമാധാനപരമായിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു. പൊതുഗതാഗത സംവിധാനം തടസ്സപ്പെട്ടില്ല.  കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ 50 ശതമാനം പണിമുടക്കി. റെയില്‍വേ, തപാല്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കി. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ അനുകൂല യൂനിയന്‍ വിട്ടുനിന്നു.  ചെന്നൈ നഗരത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ രാവിലെ റോഡുകള്‍ ഉപരോധിച്ചതോടെ ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. ഗിണ്ടി റെയില്‍വേ സ്റ്റേഷനില്‍ ആയിരത്തോളം തൊഴിലാളികള്‍ ട്രെയിന്‍ തടഞ്ഞിട്ടു.
സാമ്പത്തികകേന്ദ്രമായ മുംബൈ നഗരത്തെ ദേശീയ പണിമുടക്ക് ബാധിച്ചില്ല. റോഡ്, റെയില്‍ ഗതാഗതവും നഗരജീവിതവും സാധാരണനിലയിലായിരുന്നു. പൊതുമേഖലാ ബാങ്ക് പ്രവര്‍ത്തനങ്ങളെ ഭാഗികമായി ബാധിച്ചെങ്കിലും കച്ചവടകേന്ദ്രങ്ങള്‍ സജീവമായിരുന്നു. ഇടതുപാര്‍ട്ടികള്‍ സജീവമായ താണെ, നാസിക് പ്രദേശങ്ങളിലും വ്യവസായശാലകളുള്ള ഇടങ്ങളിലും പണിമുടക്ക് ഭാഗികമായിരുന്നു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി തുടങ്ങി 10 ട്രേഡ് യൂനിയനുകളാണ് ദേശീയതലത്തില്‍ പണിമുടക്കിയത്. ബി.എം.എസ്  അവസാനനിമിഷം പിന്മാറി. മിനിമം കൂലി പ്രതിമാസം 18000 രൂപയാക്കുക,  എല്ലാ തൊഴിലാളികള്‍ക്കും പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ സാമൂഹികസുരക്ഷാ പദ്ധതി ഉറപ്പാക്കുക,  തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞത് 3000 രൂപ പെന്‍ഷന്‍ ഉറപ്പാക്കുക തുടങ്ങിയ 12 ആവശ്യങ്ങളാണ് യൂനിയനുകള്‍ മുന്നോട്ടുവെച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.