ശിരുവാണിക്ക് കുറുകെ ഡാം നിര്‍മാണം: ഡി.എം.കെ ധര്‍ണയില്‍ ആയിരങ്ങള്‍

കോയമ്പത്തൂര്‍: അട്ടപ്പാടിയില്‍ ശിരുവാണി പുഴക്ക് കുറുകെ പുതിയ ഡാം നിര്‍മിക്കാനുള്ള കേരള നീക്കം തടയാന്‍ തമിഴ്നാട്ടില്‍നിന്ന് സര്‍വകക്ഷി സംഘത്തെ ഡല്‍ഹിയിലേക്കയക്കാന്‍ മുഖ്യമന്ത്രി ജയലളിത മുന്‍കൈയെടുക്കണമെന്ന് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍. അണക്കെട്ട് നിര്‍മാണനീക്കത്തില്‍ പ്രതിഷേധിച്ച് ഡി.എം.കെ ആഭിമുഖ്യത്തില്‍ പീളമേട് കൊഡിഷ്യ മൈതാനത്ത് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എം.കെ പ്രക്ഷോഭത്തിനിറങ്ങിയ സാഹചര്യത്തിലാണ് ജയലളിത സര്‍ക്കാര്‍ നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് പ്രമേയം കൊണ്ടുവന്നതെന്നും ഇതിനെ ഡി.എം.കെ ഉള്‍പ്പെടെയുള്ള മുഴുവന്‍ കക്ഷികളും പിന്തുണച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു.

ജീവല്‍പ്രശ്നങ്ങളില്‍ ഡി.എം.കെ രാഷ്ട്രീയം കലര്‍ത്തില്ല. ഡാം നിര്‍മാണം തടയാന്‍ തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിക്കാത്തതിനെയും സ്റ്റാലിന്‍ വിമര്‍ശിച്ചു. മുല്ലപ്പെരിയാര്‍, കാവേരി, പാലാര്‍, ശിരുവാണി തുടങ്ങിയ നദീജലപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആന്ധ്ര, കര്‍ണാടക, കേരള മുഖ്യമന്ത്രിമാരുമായി സംസാരിക്കാന്‍ ഇതേവരെ ജയലളിത തയാറായിട്ടില്ല.കേന്ദ്രം ഇടപെട്ട് ഡാം നിര്‍മാണനീക്കം തടയണം. അനുകൂല തീരുമാനം ഉണ്ടായില്ളെങ്കില്‍ പ്രക്ഷോഭം തുടരുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ആയിരക്കണക്കിന് ഡി.എം.കെ പ്രവര്‍ത്തകരും കര്‍ഷകരുമാണ് ധര്‍ണയില്‍ പങ്കെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.