കാവേരി പ്രക്ഷോഭം: ബംഗളുരു-മൈസൂർ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

ബംഗളുരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി നിർദേശത്തിൽ കർണാടകയിൽ വൻപ്രതിഷേധം. മാണ്ഡ്യയിലെ പ്രധാന ഹൈവേകളില്‍ പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ച് ഗതാഗതം സ്തംഭിപ്പിച്ചു. ഒരു ബസ് റോഡിലിട്ട് പ്രതിഷേധക്കാര്‍ കത്തിച്ചു.

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ബംഗളുരു-മൈസൂർ ദേശീയപാത പ്രക്ഷോഭകർ ഉപരോധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഗതാഗതം സ്തംഭനാവസ്ഥയിലെത്തി. കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തു. മാണ്ഡ്യയില്‍ റോഡ് ഉപരോധിച്ച് അക്രമം കാണിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് പൊലീസ് മൈക്കിലൂടെ വിളിച്ചറിയിച്ചിട്ടും പ്രതിഷേധക്കാര്‍ സ്ഥലത്ത് നിന്ന് പിന്‍വാങ്ങിയില്ല.

ബംഗളുരുവിൽ നിന്ന് മൈസൂർ വഴി കേരളത്തിലേക്കുള്ള ബസ് സർവീസുകളും തടസ്സപ്പെട്ടു.  സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഏകദേശം എഴുന്നൂറോളം സർക്കാർ ബസുകൾ നിരത്തിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടായേക്കാമെന്ന നിഗമനത്തെ തുടർന്ന് ബംഗളുരു അടക്കമുള്ള ജില്ലകളിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കർണാടകയിലെ കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും മാണ്ഡ്യ ജില്ലയിൽ ആഹ്വാനം ചെയ്ത ബന്ദ് പൂർണമാണ്. കാവേരി നദീജല തർക്കത്തിൽ ഏറെ വൈകാരികമായി പ്രതികരിക്കുന്ന ജില്ലയാണ് മാണ്ഡ്യ. കാവേരി നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നിന്നാണ് നദീജലതർക്കവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം പ്രതിഷേധങ്ങളും അരങ്ങേറുന്നത്. ജില്ലയിലെ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ട്രാൻസ്പോർട്ട് ബസുകൾ സർവീസ് നടത്തുന്നില്ല.

ശരിയായ അളവിൽ കാലവർഷം ലഭിക്കാത്തതിനാൽ കുടിക്കാനുള്ള വെള്ളം പോലും കർണാടകയിലെ ഡാമുകളിലില്ല എന്നാണ് സർക്കാറിന്‍റെയും കർഷക സംഘടനകളുടേയും നിലപാട്. സുപ്രീംകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ പ്രശ്നം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാനാണ് സർക്കാർ തീരുമാനം.

കുടിക്കാൻ പോലും ജലമില്ലാത്ത സാഹചര്യത്തിൽ തമിഴ്നാട്ടിലെ കൃഷിക്ക് വെള്ളം നൽകണമെന്ന സുപ്രീം കോടതി നിർദേശം മനുഷ്യത്വമില്ലാത്തതാണെന്നും കർണാടകയിലെ ജനങ്ങൾ യഥാർഥത്തിൽ പ്രകോപിതരായിരിക്കുകയാണെന്നും കർഷക നേതാവും എം.പിയുമായ മഡേ ഗൗഡ പറഞ്ഞു. തമിഴ്നാടിന് ജലം വിട്ടുനൽകിയാൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചാമരാജ് നഗർ, മൈസൂർ, ഹുബ്ലി ജില്ലകളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. കർണാടകയിലെ ജനങ്ങളുടെ താൽപര്യം ബലികഴിച്ച് സിദ്ധരാമയ്യ സർക്കാർ തമിഴ്നാടിന് ജലം വിട്ടുനൽകരുതെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. സമരക്കാർ പലയിടങ്ങളിലും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുട കോലം കത്തിച്ചു.

കോടതി നിർദേശത്തിൽ പ്രതിഷേധിച്ച് മൈസൂരിലെ കെ.ആർ.എസ് റിസർവോയറിലേക്ക് സമരക്കാർ ഇരച്ചുകയറിയെങ്കിലും പൊലീസ് തടയുകയായിരുന്നു. കർണാടക അനുകൂല സംഘടന സെപ്തംബർ ഒൻപതിന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് തമിഴ്നാടിന്  15,000 ഘന അടി കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി കർണാടകയോട് ആവശ്യപ്പെട്ടത്. നാളെ മുതൽ അടുത്ത പത്ത് ദിവസത്തേക്ക് 15,000 ഘനഅടി വീതം വെള്ളം കൊടുക്കാനാണ് സുപ്രീംകോടതി നിർദേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.