മുംബൈ: നിശ്ശബ്ദ പ്രചാരണവും അവസാനിപ്പിച്ച് മഹാരാഷ്ട്ര ബുധനാഴ്ച ബൂത്തിലേക്ക്. 288 സീറ്റുകളിലേക്ക് 4,136 പേരാണ് ജനവിധി തേടുന്നത്. ശിവസേന, ബി.ജെ.പി, എൻ.സി.പി കൂട്ടുകെട്ടിലെ മഹായുതിയും കോൺഗ്രസ്, ശിവസേന-യു.ബി.ടി, എൻ.സി.പി-എസ്.പി കൂട്ടുകെട്ടിലെ മഹാവികാസ് അഘാഡിയും (എം.വി.എ) തമ്മിലാണ് മുഖ്യ പോരാട്ടം.
1990ൽ 141 സീറ്റ് നേടിയ ശേഷം കോൺഗ്രസിന് 100 സീറ്റ് മറികടക്കാനായില്ല. ബി.ജെ.പി കഴിഞ്ഞ രണ്ട് തവണയും 100 മറികടന്നു. ഇത്തവണ 102 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചുവരവാണ് കോൺഗ്രസിനും എം.വി.എയിലെ മറ്റ് ഘടക കക്ഷികൾക്കും ആത്മവിശ്വാസമേകുന്നത്. ക്ഷേമ പദ്ധതികൾക്കുപുറമെ ബി.ജെ.പിയുടെ ഹിന്ദുത്വ മുദ്രാവാക്യങ്ങളും കോൺഗ്രസിന്റെ ജാതിസെൻസസ് വാഗ്ദാനവും ജനങ്ങൾ എങ്ങനെ സ്വീകരിച്ചുവെന്നതിന്റെ പ്രതിഫലനംകൂടിയാകും ഫലം. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. ചൊവ്വാഴ്ചക്കകം സർക്കാർ രൂപവത്കരിക്കണം.
ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പും ബുധനാഴ്ച നടക്കും. 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയിൽ വിമതരുൾപ്പെടെ 2,086 സ്വതന്ത്രരും പ്രാദേശിക പാർട്ടികളും മുന്നണികളിലെ സൗഹൃദ പോരും വിധി നിർണയത്തിൽ മുഖ്യ പങ്കുവഹിക്കും. വിവിധ ജാതി സമുദായങ്ങൾക്കിടയിലെ വിള്ളലും കർഷക രോഷവും പുകയുന്ന മഹാരാഷ്ട്രയിൽ ജനം ആർക്കൊപ്പം നിൽക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാനാകാത്ത അവസ്ഥ. ഇരു മുന്നണിയും 170ലേറെ സീറ്റുകൾ കിട്ടുമെന്നാണ് അവകാശപ്പെടുന്നത്. ഭരണം പിടിക്കാൻ 145 സീറ്റ് വേണം. തൂക്കുസഭ സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. അങ്ങനെ വന്നാൽ പുതിയൊരു രാഷ്ട്രീയ നാടകത്തിനുകൂടി മഹാരാഷ്ട്ര സാക്ഷ്യംവഹിക്കേണ്ടിവരും. ഇരുമുന്നണിയിലെയും ആറ് പാർട്ടികൾക്കും തെരഞ്ഞെടുപ്പ് നിർണായകമാണ്. ഝാർഖണ്ഡിൽനവംബർ 13ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 43 മണ്ഡലങ്ങളിലെ വോട്ടർമാർ വിധിയെഴുതിയിരുന്നു.
നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ചൊവ്വാഴ്ച ജെ.എം.എം നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യവും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യവും സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ ഉറപ്പാക്കുന്ന തിരക്കിലായിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറനും സംസ്ഥാനത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനും ‘എക്സി’ലൂടെ വോട്ടഭ്യർഥന നടത്തി. 1.23 കോടി സമ്മതിദായകരാണ് ബുധനാഴ്ച വോട്ട് രേഖപ്പെടുത്തുന്നത്.
ഇതിൽ 60.79 ലക്ഷം വനിതകളാണ്. 14,000ലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കേരളത്തിനുപുറമെ യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. 23നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.