‘പകല്‍ കൊല’യുമായി കുടക് ആനക്കൂട്ടം: അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതി

സിദ്ധാപുരം (കര്‍ണാടക): പട്ടാപ്പകല്‍ പൊതുനിരത്തിലിറങ്ങിയ ആന ബൈക്ക് യാത്രക്കാരനെ വീശിയെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം  കുടക് മേഖലയിലെ   കേരള അതിര്‍ത്തി ഗ്രാമങ്ങളുടെയും ഉറക്കം കെടുത്തുന്നു. സിദ്ധാപുരം-പോളിബെട്ട റോഡില്‍ സ്കൂട്ടര്‍ യാത്രക്കാരനെ ആന കൊലപ്പെടുത്തിയ സംഭവം അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് ക്ഷുഭിതരായ ഗ്രാമവാസികള്‍ ഫോറസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പിന്നീട് കര്‍ണാടകയിലെ  ഉന്നതതല ഇടപെടലിനെ തുടര്‍ന്ന്, ചൊവ്വാഴ്ച മുതല്‍ ആനകളെ കാട്ടിലേക്ക് തിരിച്ചുവിടുന്നതിന് ‘ടെറിട്ടോറിയല്‍ ഓപറേഷന്‍’ ആരംഭിച്ചതാണ്  അതിര്‍ത്തി വനമേഖലയെ പേടിപ്പെടുത്തുന്നത്.

കുടക് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍-വയനാട് ജില്ലകളിലെ റിസര്‍വ് വനങ്ങളിലേക്കും ആനകള്‍ കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കുകയാണെന്ന് വനത്തിനുള്ളില്‍ നിന്നുള്ള നിരീക്ഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കുടകില്‍ കഴിഞ്ഞ 10 ദിവസത്തിനിടയില്‍ രണ്ടാമത്തെ ‘ആനക്കൊല’യാണ്  തിങ്കളാഴ്ച നടന്നത്. ഈ വര്‍ഷത്തെ അഞ്ചാമത്തേതും. കഴിഞ്ഞ വര്‍ഷം 13 പേരാണ് ആനകളുടെ ആക്രമണത്തില്‍ മരിച്ചത്. പുഷ്പഗിരി, ബ്രഹ്മഗിരി, തലക്കാവേരി വന്യമൃഗ സങ്കേതങ്ങളുടെ തുടര്‍ച്ചയായ സംരക്ഷിത വനമേഖലയില്‍ ആനകളുടെ എണ്ണത്തില്‍  30 ശതമാനത്തിലേറെ വര്‍ധനയുണ്ടായെന്നാണ് കണക്ക്. 1.34 ലക്ഷം ഹെക്ടര്‍ റിസര്‍വ് വനമുള്ള  കുടക് ജില്ലയുടെ മൂന്നിലൊരു അതിര്‍ത്തി മേഖല കേരളത്തിലാണ്.

വനത്തിനുള്ളില്‍ ആനകളുടെ സംഖ്യാവര്‍ധനയനുസരിച്ച് ആഹാരവിഹാര സൗകര്യം ഇല്ലാതായതിനാലാണ് അവ തോട്ടങ്ങളിലേക്ക് പ്രവേശിക്കുന്നത് പതിവായത്. മലയാളികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ളതാണ് ഈ മേഖലയിലെ  തോട്ടങ്ങള്‍. ആനശല്യം പെരുകുമ്പോള്‍ ഫോറസ്റ്റ് ടെറിട്ടോറിയല്‍ വിഭാഗം തുരത്തല്‍ നടപടി തുടങ്ങും. പക്ഷേ, തിരിച്ച് വനത്തിലത്തെുന്ന ആനക്കൂട്ടം മറ്റ് ദിശകളിലേക്കാണ് നീങ്ങുന്നത്. വയനാട്, കണ്ണൂര്‍ ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ആനശല്യം നിത്യ സംഭവമായത് കര്‍ണാടകയിലെ പ്രശ്നങ്ങളില്‍ നിന്നാണെന്ന് പറയുന്നു.
 
ഇരിട്ടി മേഖലയിലെ വനാതിര്‍ത്തിയില്‍ സുരക്ഷിത വേലികെട്ടുന്ന നടപടി ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. ഇവിടെ വനമേഖലയെ റവന്യൂ ഭൂമിയും സ്വകാര്യ സ്ഥലങ്ങളും കീറിമുറിച്ചെടുത്തതു കൊണ്ട് ആര് ആരെ സംരക്ഷിക്കുമെന്ന തര്‍ക്കം നിലനില്‍ക്കുന്നത് തങ്ങളുടെ ജീവന് ഭീഷണിയായിരിക്കുകയാണെന്ന് തോട്ടം ജീവനക്കാര്‍ പറയുന്നു. കൊട്ടിയൂര്‍ മേഖലയില്‍ ആറളത്ത് ആനശല്യം നേരിടാന്‍ മതില്‍ പണിയുന്ന നടപടി പുരോഗമിക്കുന്നുണ്ട്. വയനാട് ജില്ലയില്‍ തോല്‍പെട്ടി-ബാവലി മേഖലയിലും ആന ഭീഷണിയുണ്ട്. കബനി നദി തീര്‍ത്ത അതിരിനപ്പുറം ഈ മേഖലയില്‍  സുരക്ഷിത കവചങ്ങളുണ്ടായാലും കര്‍ണാടകയിലെ കൂട്ടപ്പലായനം കടുത്ത വെല്ലുവിളിയാണെന്ന് വനപാലകര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.