10 വർഷത്തെ പരിശ്രമം; സി.എ നേടി ചായക്കടക്കാരന്റെ മകൾ; ആനന്ദാ​ശ്രു അടക്കാനാകാതെ പിതാവ്

ന്യൂഡൽഹി: 10 വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് അമൃത പ്രജാപതി സി.എ നേടിയത്. ബന്ധുക്കളിൽ നിന്നും പലപ്പോഴും പരിഹാസം നേരിട്ടിട്ടും മാതാപിതാക്കൾ നൽകിയ പിന്തുണയാണ് തന്നെ മികച്ച വിജയം നേടാൻ സഹായിച്ചതെന്ന് അമൃത പറയുന്നു. ഡൽഹിയിൽ ചായ വിറ്റാണ് അമൃതയുടെ പിതാവ് പ്രജാപതി കുടുംബം പോറ്റുന്നത്. കഠിനമായ സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും കുടുംബക്കാരുടെ പരിഹാസത്തിനിടയിലും മകൾ പഠിച്ച് നല്ല നിലയിലെത്തുന്നത് അദ്ദേഹം സ്വപ്നം കണ്ടു. ചാർട്ടേഡ് അക്കൗണ്ടന്റ് ആവുക എന്ന മകളുടെ സ്വപ്നം പൂവണയിക്കാൻ അദ്ദേഹം കൂടെ നിന്നു. ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമായപ്പോൾ സന്തോഷം കൊണ്ട് കണ്ണീരടക്കാനായില്ല ആ പിതാവിന്. മകളെ കെട്ടിപ്പിടിച്ച് പ്രജാപതി കരയുന്ന വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു ശരാശരി വിദ്യാർഥി മാത്രമായ അമൃതക്ക് സി.എ പരീക്ഷ വിജയിക്കാൻ ഒരിക്കലും സാധിക്കി​ല്ലെന്നായിരുന്നു അടുപ്പമുള്ളവരുടെയും സുഹൃത്തുക്കളുടെയും വിലയിരുത്തൽ. ഇക്കാര്യം ആളുകൾ പ്രജാപതിയോട് സൂചിപ്പിക്കുമായിരുന്നു. മകളെ പഠിപ്പിച്ച് ചായ വിറ്റ് കിട്ടുന്ന കാശ് കളയേണ്ടെന്നും പകരം വീട് നിർമിക്കൂയെന്നും അവർ ഉപദേശിച്ചു. അത്കൊണ്ടു തന്നെ മകളുടെ വിജയം മധുരപ്രതികാരം കൂടിയാണ് പ്രജാപതിക്ക്.

ചേരിയിലാണ് താൻ ജീവിക്കുന്നതെന്നും എന്നാൽ തന്റെ ചുറ്റുപാടിൽ ഒരിക്കലും വിഷമം തോന്നിയിട്ടില്ലെന്നും അമൃത പറഞ്ഞു. ഒപ്പം പഠിച്ചിരുന്നവരിൽ വളരെ ചുരുക്കം പേർക്ക് മാത്രമേ അമൃതയുടെ സാഹചര്യം അറിയുമായിരുന്നുള്ളൂ.

വീട്ടുകാർക്ക് കഴിയാൻ പുതിയ വീട് നിർമിക്കണം.-അതാണ് അമൃതയുടെ ഇനിയുള്ള ലക്ഷ്യം. ''ചേരിയിൽ കഴിയുന്നവർക്ക് ​ഭ്രാന്തമായ മനസായിരിക്കും എന്നാണ് ആളുകൾ പറയുന്നത്. ഞാനും അങ്ങനെയാണ്. അങ്ങനെയൊരു മനസില്ലായിരുന്നുവെങ്കിൽ എനിക്ക് വിജയം നേടാൻ സാധിക്കുമായിരുന്നില്ല.​''-അമൃത പറഞ്ഞു.

''താനെന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് മാതാപിതാക്കൾക്ക് മാത്രമാണ്. ആളുകൾ പരിഹസിക്കുമ്പോഴും അവർ എന്നെ വിശ്വസിച്ചു. പലപ്പോഴും ബന്ധുക്കൾ അവരോട് പറയുമായിരുന്നു ഞാനവരെ വിട്ടുപോകുമായിരുന്നുവെന്ന്. എന്നാൽ അങ്ങനെ സംഭവിക്കില്ല എന്നവർ ഉറച്ചുവിശ്വസിച്ചു.''-അമൃത ലിങ്ക്ഡ് ഇനിൽ പങ്കുവെച്ച കുറിപ്പിൽ എഴുതി.

Tags:    
News Summary - Chai seller’s daughter clears CA after 10 years of hard work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.