സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി:സൗമ്യ വധക്കേസില്‍ സുപ്രീംകോടതിക്ക് ഗുരുതര പിഴവ് പറ്റിയെന്ന് സുപ്രീംകോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടു. ഗോവിന്ദച്ചാമിക്കുമേല്‍ കൊലക്കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകളുണ്ടായിട്ടും സുപ്രീംകോടതി അത് പരിഗണിച്ചില്ല. വിധിപ്പകര്‍പ്പ് പൂര്‍ണമായും വായിച്ചാണ് താനീ അഭിപ്രായം പറയുന്നതെന്നും ബ്ളോഗില്‍ എഴുതിയ കുറിപ്പിലും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലും കട്ജു പറഞ്ഞു.
വിശദമായി ഹൈകോടതി പുറപ്പെടുവിച്ച വിധി കൃത്യമായി അവലോകനം ചെയ്യാതെ ഏതാനും പേജുകളില്‍ വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതിക്ക് എങ്ങനെ കഴിഞ്ഞുവെന്ന് കട്ജു ചോദിച്ചു. ഹൈകോടതി വിധിച്ച കൊലക്കുറ്റം ഒഴിവാക്കിയത് ഗുരുതരമായ പിഴവാണ്. കൊലക്കുറ്റം ഒഴിവാക്കിയതിലൂടെ നീതിന്യായവ്യവസ്ഥിതിക്ക് തെറ്റായ സന്ദേശമാണ് സുപ്രീംകോടതി നല്‍കിയത്.
സുപ്രീംകോടതി വിധിയിലെ ഈ പിഴവ് തിരുത്താന്‍ ഉടന്‍ പുനഃപരിശോധന ഹരജി നല്‍കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് നിയമോപദേശം നല്‍കാന്‍ തയാറാണെന്നും അറിയിച്ചു. സൗമ്യയുടെ മരണത്തിനിടയാക്കിയ തലയിലെ രണ്ടാമത്തെ മുറിവ് ഉണ്ടാക്കിയത് ഗോവിന്ദച്ചാമി ആണെന്നതിന് തെളിവില്ളെന്ന് പറഞ്ഞാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍ നിന്നൊഴിവാക്കിയത്. ആക്രമണത്തിനിടയില്‍ സൗമ്യ സ്വയം എടുത്തുചാടിയതാകാമെന്നും വിധി പറയുന്നു. ട്രെയിനിനുള്ളില്‍ സൗമ്യയുടെ തല ബലംപ്രയോഗിച്ച് നാലഞ്ചു തവണ ഇടിപ്പിച്ചിട്ടുണ്ട്.
തലയില്‍ മാരകമായി ഏല്‍ക്കുന്ന ഏത് വലിയ പ്രഹരവും മരണത്തിന് കാരണമാകാം. അത്തരം ഘട്ടങ്ങളില്‍ അത് കൊലപാതകമായി കണക്കാക്കാമെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍െറ 300ാം വകുപ്പില്‍ പറയുന്നുണ്ട്. കൊല നടത്താനുള്ള ഉദ്ദേശമില്ളെങ്കിലും 300ാം വകുപ്പിലെ മൂന്നു നിര്‍വചനങ്ങള്‍ സ്ഥാപിക്കാനായാല്‍ കൊലക്കുറ്റം ചുമത്താനാകും. ട്രെയിനിനുള്ളില്‍ സൗമ്യയുടെ തല ചുവരില്‍ ഇടിപ്പിച്ചതും മരണത്തിലേക്ക് നയിക്കാവുന്ന കാരണങ്ങള്‍ തന്നെയാണ്.
ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍നിന്ന് നിലവിളിയും ശബ്ദങ്ങളും കേട്ടിരുന്നതായും രണ്ടുപേര്‍ സാക്ഷി മൊഴി നല്‍കിയിരുന്നു. ഇവയൊന്നും പരിഗണിക്കാതിരുന്ന സുപ്രീംകോടതി സ്വയം ചാടിയതാണെന്ന് മധ്യവയസ്കനായ ഒരു വ്യക്തി പറഞ്ഞുവെന്ന് രണ്ട് സാക്ഷികള്‍ പറഞ്ഞത് കാര്യമായെടുക്കുകയും ചെയ്തു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള ഈ കാര്യം സുപ്രീംകോടതി എങ്ങനെ വിശ്വാസത്തിലെടുത്തുവെന്ന് കട്ജു ചോദിച്ചു. ഇത് വിധിയിലെ വലിയ പിഴവാണ്. വധശിക്ഷക്ക് വ്യക്തിപരമായി എതിരാണെങ്കിലും ഈ കേസില്‍ താനായിരുന്നു ജഡ്ജിയെങ്കില്‍ വധശിക്ഷയല്ലാതെ ശിക്ഷ വിധിക്കില്ലായിരുന്നുവെന്നും ജസ്റ്റിസ് കട്ജു കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.