​കശ്​മീരി​ൽ പെല്ലറ്റ്​ ആക്രമണത്തിൽ 11കാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ഏറെ വിവാദമുയര്‍ത്തിയിട്ടും കശ്മീരില്‍ സുരക്ഷാസേനയുടെ പെല്ലറ്റ്ഗണ്‍ ഉപയോഗം നിര്‍ബാധം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകി പെല്ലറ്റ് തറച്ച് മരിച്ചനിലയില്‍ കൗമാരക്കാരന്‍െറ മൃതദേഹം കണ്ടത്തെി. ശ്രീനഗറിലെ ഹര്‍വന്‍ സ്വദേശിയായ നസീര്‍ ഷാഫി (11) എന്ന സ്കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ചത്.

ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടർന്ന്​ ജൂലൈ എട്ടിന് ശേഷം താഴ്വരയില്‍ കൊല്ലപ്പെട്ടവരുടെ  എണ്ണം 82 ആയി. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഷാഫിയെ കാണാതാവുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ദാല്‍ തടാകത്തിനടുത്തുനിന്നാണ് മൃതദേഹം കിട്ടിയത്. ഷാഫിയുടെ പുറത്ത് 380 പെല്ലറ്റുകളാണ് തറച്ചത്. ഒരു കൈ ഒടിയുകയും ചെയ്തു. പെല്ലറ്റ് ഉപയോഗത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രദേശവാസികള്‍ പ്രകടനം നടത്തി. അതിനിടെ, വെള്ളിയാഴ്ച വിവിധ സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ 40ഓളം പേര്‍ക്ക് പരിക്കേറ്റു.

ഷാഫിയുടെ മരണത്തത്തെുടര്‍ന്ന് ഹര്‍വന്‍ പ്രദേശത്ത് ശനിയാഴ്ച രാവിലെ മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മറ്റ് അഞ്ചു പൊലീസ് സ്റ്റേഷന്‍ പരിധികളിലും മധ്യ കശ്മീരിലെ ബദ്ഗാമിലും തെക്കന്‍ കശ്മീരിലെ പുല്‍ഗാമിലും കര്‍ഫ്യൂ നിലവിലുണ്ട്. താഴ്വരയില്‍ ജനങ്ങള്‍ കൂട്ടംചേരുന്നതിനുള്ള നിയന്ത്രണം തുടരുകയാണ്. തുടര്‍ച്ചയായി 71ാം ദിവസമാണ് കശ്മീരില്‍ ജനജീവിതം സ്തംഭിക്കുന്നത്. വിഘടനവാദികള്‍ സമരാഹ്വാനം ഈ മാസം 22വരെ നീട്ടിയിട്ടുണ്ട്. സമരത്തിന് വൈകുന്നേരങ്ങളില്‍ നല്‍കിയിരുന്ന ഇളവും പിന്‍വലിച്ചു. അതിനിടെ, വ്യാഴാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുര്‍റം പര്‍വേസിനെ കുപ്വാര സബ് ജയിലിലേക്ക് മാറ്റി. ഈ മാസം 26ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രീനഗറിലെ മജിസ്ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. പര്‍വേസിനെ അന്യായ തടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ ഇടപെടണമെന്ന് അദ്ദേഹം പ്രവര്‍ത്തിക്കുന്ന ജമ്മു-കശ്മീര്‍ സിവില്‍ സൊസൈറ്റി കൂട്ടായ്മ (ജെ.കെ.സി.സി.എസ്) രാജ്യാന്തര സന്നദ്ധ സംഘടനകളോടും അന്താരാഷ്ട്ര സമൂഹത്തോടും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.