നരോദ കലാപക്കേസ്: വിചാരണക്ക് ആറു മാസം കൂടി കീഴ്കോടതിക്ക് സമയപരിധി നിശ്ചയിക്കണമെന്ന് അഭിഭാഷകന്‍

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ ഗാം കൂട്ടക്കൊലക്കേസില്‍ ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി കീഴ്കോടതിക്ക് നിര്‍ദേശം നല്‍കി. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് ഗുജറാത്ത് കലാപക്കേസുകളിലൊന്നാണിത്.
300ാളം സാക്ഷികളെ വിസ്തരിക്കാന്‍ അന്വേഷണ സംഘത്തലവനായ മുന്‍ സി.ബി.ഐ മേധാവി ആര്‍.കെ. രാഘവന്‍, അമിക്കസ് ക്യൂറിയും മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വെ എന്നിവര്‍ വിചാരണകോടതിക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മറ്റു എട്ടുകേസുകളിലെ അന്വേഷണം പൂര്‍ത്തിയായതാണെന്നും വിചാരണ കോടതികള്‍ വിധികള്‍ പുറപ്പെടുവിച്ചതാണെന്നും അവയുടെ അപ്പീലുകള്‍ മേല്‍കോടതി  പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും സാല്‍വെ ബോധിപ്പിച്ചു. അതിനാല്‍, വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീംകോടതി കീഴ്കോടതിക്ക് ഒരു സമയപരിധി നിശ്ചയിക്കണമെന്നും സാല്‍വെ ആവശ്യപ്പെട്ടു.  
തുടര്‍ന്നാണ് വിധി പുറപ്പെടുവിക്കാന്‍ അഹ്മദാബാദ് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിക്ക് ആറ് മാസം സമയം നല്‍കുകയാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത്.
ന്യൂനപക്ഷ സമുദായക്കാരായ നരോദഗാമിലെ 11 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 82 പേരാണ് വിചാരണ നേരിടുന്നത്. ദേശീയ മനുഷ്യാവകാശ കമീഷനും നിരവധി സര്‍ക്കാറേതര സന്നദ്ധ സംഘടനകളും സ്വതന്ത്ര അന്വേഷണത്തിന് സമീപിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി സ്വന്തം മേല്‍നോട്ടത്തില്‍ അന്വേഷണ സമിതിയുണ്ടാക്കി ഗുജറാത്ത് വംശഹത്യയിലെ പ്രധാനപ്പെട്ട ഒമ്പത് കേസുകള്‍ ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.