ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ‘ഭീകരത സ്പോണ്‍സര്‍ ചെയ്യുന്ന’ പാകിസ്താന് ചുട്ട മറുപടി നല്‍കാന്‍ വിവിധ കോണുകളില്‍നിന്ന് മുറവിളി ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തിരക്കിട്ടൊരു നീക്കത്തിനില്ല. അതിന്‍െറ പരിമിതികള്‍ തന്നെയാണ് കാരണം. അതേസമയം, അന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടന്ന മുതിര്‍ന്ന മന്ത്രിമാരുടെയും സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര സെക്രട്ടറി എന്നിവരുടെയും യോഗത്തില്‍ നയതന്ത്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തണമെന്ന നിര്‍ദേശമാണ് പ്രധാനമായും ഉയര്‍ന്നത്. ഭീകരാക്രമണത്തോട് വൈകാരികമായി പ്രതികരിക്കാന്‍ കഴിയില്ളെന്ന് യോഗശേഷം വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വ്യക്തമാക്കിയത് സര്‍ക്കാറിലെ ചിന്താഗതി പ്രകടമാക്കി.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനം ഇന്ത്യ, പാകിസ്താന്‍ നയതന്ത്ര യുദ്ധത്തിന് വേദിയാവും. ഇന്ത്യ-പാക് ബന്ധം യുദ്ധസമാന അന്തരീക്ഷത്തിലേക്ക് മാറിയതോടെ സമാധാന ചര്‍ച്ചകള്‍ക്കുള്ള എല്ലാ സാധ്യതകളും മങ്ങിയെന്നതാണ് ഉറിക്കുശേഷമുള്ള സ്ഥിതി. ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി.
യു.എന്‍ പൊതുസഭാ വേദിയില്‍ കശ്മീര്‍ ഉന്നയിക്കുന്ന പാകിസ്താനെ ഉറി ഭീകരാക്രമണംകൊണ്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരിടും. സുഷമ സ്വരാജ് 26നാണ് പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്. ഉറി ഭീകരാക്രമണം അന്താരാഷ്ട്രതലത്തില്‍ അപലപിക്കപ്പെടുന്ന ഏറ്റവും അനുകൂലമായ അന്തരീക്ഷം പ്രയോജനപ്പെടുത്തി ഭീകരതാ വിഷയത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.
ന്യൂയോര്‍ക്കില്‍ എത്തിക്കഴിഞ്ഞ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് കശ്മീരില്‍ ഇന്ത്യ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന പ്രശ്നം ഉയര്‍ത്തിക്കാട്ടാനുള്ള ഒരുക്കത്തിലാണ്. ഉറി ആക്രമണത്തിന്‍െറ പേരില്‍ ഇന്ത്യ പതിവുപോലെ പാകിസ്താനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ വ്യഗ്രത കാണിക്കുകയാണെന്ന വിശദീകരണവും പാകിസ്താന്‍ നല്‍കും.
പരമാവധി തെളിവുകള്‍ സമാഹരിക്കാതെ ഇന്ത്യക്ക് പാകിസ്താനെതിരെ മുന്നോട്ടു നീങ്ങാന്‍ കഴിയില്ല. ഭീകരരില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍, ഭക്ഷണം എന്നിവയില്‍ പാകിസ്താന്‍ മുദ്രയുണ്ടെന്ന് അന്വേഷകര്‍ പറയുന്നുണ്ട്. ജി.പി.എസ് ഉപയോഗിച്ചുള്ള ശ്രമങ്ങളും പാകിസ്താനിലേക്ക് എത്തുന്നതായി വിശദീകരിക്കപ്പെടുന്നു. എന്നാല്‍, സുവ്യക്തമായ തെളിവുകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഉറിയിലത്തെിയ നാലു ഭീകരരും കൊല്ലപ്പെടുകയാണ് ചെയ്തത്. ആരെയും ജീവനോടെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അതിനിടയില്‍ തന്നെയാണ് ഭീകരാക്രമണം നടത്തിയത് ജയ്ശെ മുഹമ്മദാണെന്ന് സൈന്യം പറയുന്നത്. ഉറിയോടുചേര്‍ന്ന പാകിസ്താന്‍ ഭാഗത്ത് ഈ ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന നിഗമനത്തില്‍ നിന്നാണ് ഈ വിവരണമെങ്കിലും, അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരായ കേസ് വാദിക്കാന്‍ തെളിവുകള്‍ പ്രധാനമാണ്. നേരത്തേ ഗുര്‍ദാസ്പുരിലും പിന്നീട് പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലും നടന്ന ഭീകരാക്രമണങ്ങള്‍ക്കുപിന്നിലും പാകിസ്താനില്‍നിന്നുള്ള ഭീകരരാണെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം പാകിസ്താന്‍ അംഗീകരിക്കുകയോ, വിചാരണ നടപടികള്‍ മുന്നോട്ടു നീങ്ങുകയോ ഉണ്ടായിട്ടില്ല. ഇതിനിടയില്‍ ഉറിയിലത്തെിയ ഭീകരരുടെ പാക് ബന്ധത്തിന് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടാക്കി പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമം തിരക്കിട്ട്, നടപ്പാക്കാന്‍ എത്രകണ്ട് കഴിയുമെന്നതാണ് കേന്ദ്രത്തിനു മുന്നിലെ പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.