സിന്ധു നദീജല കരാറിൽ നിന്ന്​ ഇന്ത്യ പിന്മാറില്ല

ന്യൂഡൽഹി: പാകിസ്​താനുമായുള്ള സിന്ധു നദീജല കരാറിൽ നിന്ന്​  ഇന്ത്യ പിന്മാറില്ല. അതേസമയം പാകിസ്​താനിലേക്ക്​ വെള്ളം നൽകുന്ന മൂന്ന്​ നദികളിലെ ജലം കൂടുതലായി ഉപയോഗിക്കാൻ ഇന്ത്യ തീരുമാനിച്ചു. ​ജലകൈമാറ്റ കരാറിൽ നിന്ന്​ പിന്മാറുന്നത്​ യു.എൻ പോലുള്ള അന്താരാഷ്​ട്ര വേദികളിൽ ഇന്ത്യക്ക്​ തിരിച്ചടിയാവുമെന്ന്​ വിദേശകാര്യമന്ത്രാലയം അറിയിച്ചതിനെ തുടർന്നാണ്​ കേന്ദ്രത്തി​​െൻറ തീരുമാനം.  ഉറി ഭീകരാക്രമണത്തി​​െൻറ പശ്ചാത്തലത്തിലാണ്​ നദീജല കരാർ പുന:പരിശോധിക്കാൻ പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്​.

ഉറിയിലെ ഭീകരാക്രമണം സൂചിപ്പിച്ച്, രക്​തവും വെള്ളവും ഒരേസമയം ഒഴുക്കാനാവി​ല്ലെന്ന്​ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഒാഫിസിലെ ഉന്നത ഉദ്യോഗസ്ഥർ, വിദേശകാര്യ സെക്രട്ടറി എസ്​ ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ, ജല വിഭവ സെക്രട്ടറി തുടങ്ങിയവരാണ്​ യോഗത്തിൽ പ​െങ്കടുത്തത്​. കരാര്‍ റദ്ദാക്കുക പ്രായോഗികമല്ലെന്നിരിക്കേ, നദീജലം ഇന്ത്യ കൂടുതലായി പ്രയോജനപ്പെടുത്തുകയും അതുവഴി, ജലക്ഷാമത്തിലൂടെ പാകിസ്താനെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നതിന്‍െറ സാധ്യതകള്‍ ചര്‍ച്ചാ വിഷയമായി.

എന്നാല്‍, ഭീകരതക്കെതിരായ പോരാട്ടത്തിന് പാകിസ്താനില്‍ സമ്മര്‍ദം ചെലുത്തുന്നതിന് മറ്റു ചില നടപടികള്‍ക്ക് കേന്ദ്രം ഒരുങ്ങുന്നുണ്ട്. സിന്ധു നദീജല കമീഷന്‍ ചര്‍ച്ചകള്‍ മരവിപ്പിച്ചു നിര്‍ത്തും. 1987ലെ തുള്‍ബുള്‍ നാവിഗേഷന്‍ പദ്ധതിയും മരവിപ്പിക്കാനുള്ള നീക്കമാണ് മറ്റൊന്ന്. പാകിസ്താന്‍െറ പല പ്രദേശങ്ങളിലും ജലക്ഷാമം ഉണ്ടാക്കാന്‍ ഇടയാക്കുന്ന വിധം ഏതാനും ഡാമുകളുടെ നിര്‍മാണം വേഗത്തിലാക്കണമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍, ഇപ്പോഴത്തെ ഇന്ത്യ-പാക് സംഘര്‍ഷത്തിനിടയില്‍ ഇത് പാകിസ്താനു നല്‍കുന്ന തിരക്കിട്ടൊരു തിരിച്ചടിയാവില്ല. ഡാം ഉയരാന്‍ സമയമെടുക്കും.

ലോകബാങ്കിന്‍െറ മധ്യസ്ഥതയിലൂടെ ഉരുത്തിരിഞ്ഞ കരാറിന്‍െറ തുടര്‍ച്ചയായി സിന്ധു, ചെനാബ്, ഝലം നദീജല നിയന്ത്രണം പാകിസ്താനു ലഭിച്ചു. കിഴക്കന്‍ മേഖലയിലെ മൂന്നു നദികളായ ബീസ്, രവി, സത്ലജ് എന്നിവയുടെ നിയന്ത്രണം ഇന്ത്യക്ക് കിട്ടി. സിന്ധുനദീജലത്തിന്‍െറ 20 ശതമാനം മാത്രം ഉപയോഗപ്പെടുത്താനാണ് ഇന്ത്യക്ക് അനുമതി. ഈ നദിയിലെ വെള്ളം ഡാം കെട്ടി കൂടുതല്‍ തടഞ്ഞു നിര്‍ത്തിയാല്‍ അത് ജമ്മു-കശ്മീരിലും പഞ്ചാബിലും വെള്ളപ്പൊക്കമുണ്ടാക്കുമെന്ന പ്രശ്നമുണ്ട്. ചൈനയെക്കൂടി വിശ്വാസത്തിലെടുക്കാതെ ഇത്തരം നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകുന്നതിനും പരിമിതിയുണ്ട്.

1960 സെപ്തംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി നെഹ്​റുവും പാകിസ്താന്‍ പ്രസിഡൻറ്​ അയൂബ്ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്. കരാർ പ്രകാരം സിന്ധൂ നദിയിലെ 80 ശതമാനം വെള്ളവും പാകിസ്താനാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ജലനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പാകിസ്താനിലെ പല പ്രദേശങ്ങളിലും വരള്‍ചയില്‍ അകപ്പെടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-03 01:56 GMT