യമുനാനഗർ (ഹരിയാന): മദ്യ കരാറുകാർക്ക് നേരെ അക്രമികൾ വെടിവെപ്പ് നടത്തിയതിനെ തുടർന്ന് മൂന്നുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് എസ്.ഐ ഉൾപ്പെടെ ഒമ്പതു പൊലീസുകാരെ പിരിച്ചുവിട്ടു.
അക്രമം തടയാൻ ജാഗ്രത കാണിക്കാത്തതിനെ തുടർന്നാണ് സബ് ഇൻസ്‌പെക്ടർ, നാല് അസി. സബ് ഇൻസ്‌പെക്ടർമാർ, രണ്ട് ഹോം ഗാർഡുകൾ, രണ്ട് സ്‌പെഷൽ പൊലീസ് ഓഫിസർമാർ എന്നിവരെ യമുനാനഗർ എസ്.പി രാജീവ് ദേശ്വാൾ പിരിച്ചുവിട്ടത്.
ഇവരെല്ലാം യമുനാനഗർ ജില്ലയിലെ ഖേരി ലക്കാ സിങ് പൊലീസ് പോസ്റ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. ഡിസംബർ 26നാണ് പൊലീസ് പോസ്റ്റിന് സമീപം വെടിവെപ്പു നടന്നത്.
സംഭവത്തിൽ യമുനാനഗർ ഗോൽനി ഗ്രാമത്തിലെ വീരേന്ദർ റാണ, ഉത്തർപ്രദേശിലെ പങ്കജ് മാലിക് എന്നിവർ സംഭവസ്ഥലത്തും യമുനാനഗർ ഉൻഹേരി ഗ്രാമത്തിലെ അർജുൻ റാണ ഡിസംബർ 29ന് ആശുപത്രിയിൽ വെച്ചും കൊല്ലപ്പെട്ടിരുന്നു. കൊലക്കേസുമായി ബന്ധപ്പെട്ട് ഛച്‌റൗളി യിലെ സച്ചിൻ ഹണ്ട, തജേവാലയിലെ അർബാസ് ഖാൻ, യമുനാനഗറിലെ ഗാന്ധി നഗർ കോളനിയിലെ ഹർഷ് ബാലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള പ്രതികളെ പിടികൂടാൻ ജില്ലാ പൊലീസിന്റെ അഞ്ച് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.