റാംപുർ: 2019 പൊതുതെരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് അഅ്സം ഖാന് രണ്ടു വർഷം തടവു വിധിച്ച് കോടതി.
എം.പി/എം.എൽ.എ കോടതി ജഡ്ജി ഷോഭിത് ബൻസാലാണ് മുൻ മന്ത്രിക്ക് തടവിനൊപ്പം 2500 രൂപ പിഴയും വിധിച്ചത്. ധമോറയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ റാംപുർ ജില്ല മജിസ്ട്രേറ്റിനും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. കഴിഞ്ഞ വർഷം സമാനമായ മറ്റൊരു കേസിൽ അഅ്സം ഖാന് മൂന്നു വർഷം തടവ് വിധിച്ചിരുന്നു. ഇതേ തുടർന്ന് യു.പി സഭയിലെ അംഗത്വം നഷ്ടമാകുകയും ചെയ്തു. ഒഴിവുവന്ന തെരഞ്ഞെടുപ്പിൽ ഇതേ കേസിൽ പരാതിക്കാരനായ ബി.ജെ.പി സ്ഥാനാർഥി ആകാശ് സക്സേന അഅ്സം ഖാന്റെ അടുപ്പക്കാരനായ എതിരാളിയെ തോൽപിച്ച് നിയമസഭയിലെത്തി. എന്നാൽ, കഴിഞ്ഞ മേയിൽ മൂന്നു വർഷത്തെ ശിക്ഷവിധി സെഷൻസ് കോടതി റദ്ദാക്കി. കുറ്റമുക്തനായെങ്കിലും മറ്റൊരു കേസിൽ കൂടി അഅ്സം ഖാനും മകനുമെതിരെ രണ്ടു വർഷം തടവ് വിധിച്ചിരുന്നതിനാൽ എം.എൽ.എ പദവി തിരിച്ചുലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.