ന്യൂഡൽഹി: യുദ്ധം തുടരുന്ന യുക്രെയ്നിലെ വിവിധ സർവകലാശാലകളിൽ ഇന്ത്യയിൽ നിന്നുള്ള 2100 വിദ്യാർഥികൾ ഇപ്പോഴും പഠിക്കുന്നുണ്ടെന്നും അവരിൽ 1000ത്തോളം പേർ നിലവിൽ യുക്രെയ്നിലുണ്ടെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഈ വിദ്യാർഥികളുമായും യുക്രെയ്ൻ അധികൃതരുമായും ഇന്ത്യൻ എംബസി നിരന്തര ബന്ധത്തിലാണെന്നും യുക്രെയ്നിൽ പഠനം തുടരാൻ കഴിയാതിരുന്ന ഇന്ത്യൻ വിദ്യർഥികളുടെ യോഗ്യതാ പരീക്ഷ പുറം രാജ്യങ്ങളിൽ വെച്ച് നടത്താൻ യുക്രെയ്ൻ അധികൃതർ സൗകര്യമൊരുക്കിയെന്നും വിദേശ മന്ത്രാലയം അറിയിച്ചു.
പുതുതായി ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി ചേർന്നിട്ടില്ലെന്നും കേന്ദ്ര വിദേശ മന്ത്രാലയത്തിൽ പടിഞ്ഞാറിന്റെ ചുമതലയുള്ള സെക്രട്ടറി തന്മയ് ലാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
റഷ്യൻ നഗരത്തിലേക്ക് യുക്രെയ്ൻ സേന അധിനിവേശം നടത്തിയതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പോളണ്ട്-യുക്രെയ്ൻ സന്ദർശനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് വിദേശ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മോദിയുടെ റഷ്യ സന്ദർശനത്തെ തുടർന്ന് പടിഞ്ഞാറിനുണ്ടായ പരാതി പരിഹരിക്കാനാണ് യുക്രെയ്ൻ സന്ദർശനമെന്ന ആരോപണം തള്ളിക്കളഞ്ഞ സെക്രട്ടറി റഷ്യയുമായും യുക്രെയ്നുമായും ഒരേ സമയം ഉഭയകക്ഷി ബന്ധം തുടരുമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് വ്യക്തമാക്കി.
21, 22 തീയതികളിൽ പോളണ്ട് സന്ദർശിച്ചശേഷമാണ് മോദി യുക്രെയ്നിലെത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്‍റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം 21, 22 തീയതികളിൽ പോളണ്ടിൽ ഔദ്യോഗിക സന്ദർശനം നടത്തും. 45 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത് എന്നതിനാൽ സന്ദർശനത്തിന് ഏറെ പ്രധാന്യമുണ്ട്. നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ 70ാം വാർഷികം കൂടി ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദർശനം’ -വിദേശ്യകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രസിഡന്‍റ് വൊളാദിമിർ സെലൻസ്കിയുടെ ക്ഷണപ്രകാരമാണ് യുക്രെയ്ൻ സന്ദർശിക്കുന്നത്. 30 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത് എന്നതിനാൽ ഈ സന്ദർശനത്തിന് ഏറെ ചരിത്ര പ്രധാന്യമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഒരു മാസം മുമ്പാണ് മോദി റഷ്യ സന്ദർശിച്ചത്. നേരത്തെ, ജി7 ഉച്ചകോടിക്കിടെ മോദി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.