ന്യൂഡൽഹി: താലിബാൻ പിടിയിലായ അഫ്ഗാനിസ്താനിൽ കുടുങ്ങിയ 222 ഇന്ത്യൻ പൗരന്മാർ തിരിച്ചെത്തി. തജികിസ്താൻ നിന്നും ഖത്തറിൽ നിന്നും പ്രത്യേക വിമാനങ്ങളിലാണ് ഇവർ എത്തിയത്. രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ കാബൂളിൽ നിന്ന് 87 പേരെ വ്യോമസേന വിമാനത്തിൽ തജികിസ്താനിൽ എത്തിച്ചിരുന്നു. ഇവരെയാണ് ഇന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിയത്. സംഘത്തിൽ രണ്ടു നേപ്പാൾ പൗരന്മാരും ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കാബൂളിൽ നിന്ന് വിമാനമാർഗം 135 പേർ ഖത്തറിലെ ദോഹയിലേക്ക് പോയിരുന്നു. ഇവരെയാണ് മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്.
വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ അയച്ച് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. തജികിസ്താൻ വ്യോമതാവളം കേന്ദ്രീകരിച്ച് വ്യോമസേനയുടെ സി-17 യുദ്ധവിമാനം, സി-130 ജെ യാത്രാ വിമാനം, എയർ ഇന്ത്യ വിമാനം എന്നിവയാണ് ആളുകളെ തിരിച്ചെത്തിക്കാനായി ഉപയോഗിക്കുന്നത്.
ഔദ്യോഗിക കണക്ക് പ്രകാരം 400 ഇന്ത്യൻ പൗരന്മാണ് അഫ്ഗാനിലുള്ളത്. എന്നാൽ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിവിധ കമ്പനികൾ, അഫ്ഗാൻ സേനയുടെ ഭാഗമായി പ്രവർത്തിച്ചവർ കൂടി ഉൾപ്പെടുത്തിയാൽ 1500ഒാളം പേർ കുടുങ്ങി കിടക്കുന്നതായാണ് അനൗദ്യോഗിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.