അമിത് ഷായെ കടിച്ചിരിക്കുന്നത് 'ഭ്രാന്തൻ നായ'യാണ്; അംബേദ്കർ വിവാദത്തിൽ പ്രതികരിച്ച് പ്രിയങ്ക് ഗാർഗെ

കൽബുറുഗി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കർണാടക മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ ​മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഗാർഗെ. അമിത്ഷായെ ഭ്രാന്തൻ നായ കടിച്ചിരിക്കുകയാണ് എന്നായിരുന്നു പ്രിയങ്ക് ഗാർഗെയുടെ പരാമർശം.

​''ഏഴു ജന്മങ്ങളിൽ ഈശ്വരനാമം ജപിച്ചാൽ സ്വർഗത്തിൽ ഇടം ലഭിക്കുമോ എനിക്കുറപ്പില്ല, എന്നാൽ ഈ ജന്മത്തിൽ അംബേദ്കറുടെ നാമം ജപിച്ചാൽ  നമുക്ക് രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സമത്വവും ആത്മാഭിമാനമുള്ള ജീവിതവും കിട്ടും.​''-എന്നായിരുന്നു പ്രിയങ്ക് ശനിയാഴ്ച അഭിപ്രായപ്പെട്ടത്.

അംബേദ്കർ, സമത്വം എന്നിവ ​അമിത്ഷായുടെ ആശയങ്ങളിലും പ്രത്യയ ശാസ്ത്രത്തിലും ഇല്ലാത്തതാണ് പ്രശ്നമെന്നും അംബേദ്കറുടെയും ബസവയുടെയും ആശയങ്ങൾ വളരുമ്പോൾ ആർ.എസ്.എസ് പ്രത്യയശാസ്ത്രം തകരുമെന്നും പ്രിയങ്ക്  കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച ഭരണഘടന ചർക്കു മറുപടി നൽകുമ്പോൾ രാജ്യസഭയിലാണ് അംബേദ്കറെക്കുറിച്ച് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ''അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്നിങ്ങനെ പറയുന്നത് ഫാഷനായിരിക്കുന്നു. ഇതിനുപകരം ദൈവത്തിന്റെ പേരാണ് കോണ്‍ഗ്രസ് പറയുന്നതെങ്കില്‍, അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം കിട്ടുമായിരുന്നു'' എന്നാണ് ഷാ പറഞ്ഞത്. പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നു.

അംബേദ്കറിൽ പ്രധാനമന്ത്രിക്ക് വിശ്വാസമുണ്ടെങ്കിൽ അമിത് ഷായെ പുറത്താക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ഭരണഘടനയുടെ കരട് തയാറാക്കിയ അംബേദ്കറെ ആഭ്യന്തരമന്ത്രി അപമാനിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം വലിയ പ്രക്ഷോഭമാണ് സൃഷ്ടിച്ചത്.എന്നാൽ തന്റെ പ്രസ്താവന കോൺഗ്രസ് വളച്ചൊടിക്കുകയായിരുന്നു എന്നായിരുന്നു അമിത് ഷായുടെ ന്യായീകരണം. 



Tags:    
News Summary - Amit Shah bitten by rabid dog says Priyank Kharge on Ambedkar row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.