റായ്പൂർ: ഛത്തീസ്ഗഢിലെ ബസ്താർ മേഖലയിൽ മാവോവാദികൾ നടത്തിയ ആക്രമണത്തിൽ 24 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബിജാപൂർ, സുക്മ ജില്ലകൾ അതിരു പങ്കിടുന്ന ടെറാം വനങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. 32 സൈനികർക്ക് പരിക്കേറ്റു. ഒരാളെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. മരണസംഖ്യ ബിജാപൂർ പൊലീസ് സൂപ്രണ്ട് കമലോചൻ കശ്യപ് സ്ഥിരീകരിച്ചു. കാണാതായ സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കൂടിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മാവോയിസ്റ്റുകളും സംഭവത്തിൽ കൊല്ലപ്പെട്ടതായാണ് കരുതുന്നത്.
ശനിയാഴ്ചയാണ് ദക്ഷിണ ബസ്താൻ വനമേഖലയിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് 2,000 പേരടങ്ങുന്ന സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെ 12 മണിയോടെ ആക്രമണം നടക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് ജവാന്മാർ വീരമൃത്യു വരിക്കുകയും 24 ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തതായിട്ടായിരുന്നു പ്രാഥമിക വിവരം. പിന്നീട് നടന്ന തെരച്ചിലിലാണ് കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കോബ്ര യൂനിറ്റ്, സി.ആർ.പി.എഫ്, ഡിസ്ട്രിക് റിസർവ് ഗാർഡ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്.
ഒരു വനിതാ മാവോവാദിയുടെ മൃതദേഹവും സ്ഥലത്തുനിന്ന് കണ്ടെത്തിയതായി സി.ആർ.പി.എഫ് വ്യക്തമാക്കി. മാവോവാദികൾക്കായിപ്രദേശത്ത് തെരച്ചിൽ ഊർജിതമായി തുടരുകയാണ്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് എത്തിക്കുകയാണ് അധകൃതർ.
സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് മഡ്വി ഹിദ്മയെ കുറിച്ച് രഹസ്യ വിവരത്തിനു പിന്നാലെ 10 ദിവസമായി പ്രദേശത്ത് സുരക്ഷ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു ശനിയാഴ്ചത്തെ സുരക്ഷ സേനയുടെ നീക്കം.
മാവോവാദികൾ നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ നടുക്കം രേഖപ്പെടുത്തി.
2013ൽ നടന്ന സമാന ആക്രമണത്തിൽ ഛത്തീസ്ഗഢ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപെടെ 30 പേർ നക്സൽ ആക്രമണത്തിൽ കൊല്ലെപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.