ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപകമാകുന്നതിനിടെ പല ആശുപത്രികളിലും ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു. 85 രോഗികളെ ചികിത്സിക്കുന്ന മഹാരാഷ്ട്രയിലെ ആശുപത്രിയിൽ മണിക്കൂറുകൾക്കകം ഓക്സിജൻ തീരുമെന്ന മുന്നറിയിപ്പുമായി ഡോക്ടർ രംഗത്തെത്തി.
ആശുപത്രിയിൽ ദിവസങ്ങളായി ഓക്സിജൻ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ഇത്രയും ദിവസവും രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ പ്രശ്നം കൈകാര്യം ചെയ്തു. ഇപ്പോൾ സ്ഥിതി ഗുരുതരമാണ്. കേവലം നാല് മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് ബാക്കിയുള്ളതെന്ന് മാകേർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർ സതീഷ് സോനവാന പറഞ്ഞു.
ആശുപത്രിയിലെ 70 രോഗികൾക്കും ഓക്സിജൻ ആവശ്യമാണ്. ബാക്കി വരുന്ന 15 പേർ വെന്‍റിലേറ്ററിലുമാണ്. പ്രാദേശിക വിതരണക്കാർക്ക് ആവശ്യകതക്കനുസരിച്ച് ഓക്സിജൻ വിതരണം ചെയ്യാൻ സാധിക്കുന്നില്ല. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അവിടെയും സ്ഥിതി ഗുരുതരമാണെന്ന് സതീഷ് പറയുന്നു.
അഹമ്മദ്നഗറിൽ മാത്രം 60 മെട്രിക് ടൺ ഓക്സിജനാണ് വേണ്ടത്. പക്ഷേ 23 ടൺ മാത്രമാണ് ലഭിക്കുന്നത്. ഇന്ന് രാത്രിയോടെ ഓക്സിജൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ സ്ഥിതി ഗുരുതരമായേക്കുമെന്നും ഡോക്ടർ മൂന്നറിയിപ്പ് നൽകുന്നു. പുതിയ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചുവെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.