മണിപ്പൂരിലെ ബിഷ്ണാപൂരിൽ വീണ്ടും സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: സംഘർഷം അണയാതെ കത്തുന്ന മണിപ്പൂരിൽ മൂന്നുപേർ കൂടി കൊല്ലപ്പെട്ടു. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ടയിലാണ് ശനിയാഴ്ച പുലർച്ച ഉറങ്ങിക്കിടന്ന പിതാവും രണ്ടു മക്കളും കൊലചെയ്യപ്പെട്ടത്.

മെയ്തേയി വിഭാഗക്കാരായ മൂവരെയും ആദ്യം വെടിവെച്ചും പിന്നീട് വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഭയാർഥി ക്യാമ്പിൽ കഴിയുകയായിരുന്ന ഇവർ സ്ഥിതി മെച്ചപ്പെട്ടെന്ന ആശ്വാസത്തിൽ വെള്ളിയാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്.

സംഭവത്തെത്തുടർന്ന്, ക്വാക്ടയിൽ തടിച്ചുകൂടിയ ഒരു വിഭാഗം കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂരിലേക്ക് പുറപ്പെട്ടെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. ശനിയാഴ്ച രാവിലെ പൊലീസും തീവ്രവാദികളും തമ്മിലുണ്ടായ ശക്തമായ വെടിവെപ്പിൽ ഒരു പൊലീസുകാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമല്ല.

മെയ്തേയി- കുക്കി വിഭാഗങ്ങൾക്കിടയിലെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നത് പരിഗണിച്ച് മണിപ്പൂരിലെ ഇംഫാൽ ജില്ലയിൽ കർഫ്യൂ ഇളവ് സമയം കുറച്ചിട്ടുണ്ട്. നേരത്തെ പുലർച്ച അഞ്ചു മുതൽ വൈകീട്ട് ആറു മണിവരെയുണ്ടായിരുന്നത് രാവിലെ 10.30 വരെയാക്കി. കഴിഞ്ഞ ദിവസം കൂത്രോക് മലനിരകളിൽ നടത്തിയ റെയ്ഡിൽ നിരവധി അനധികൃത ബങ്കറുകൾ തകർത്തിരുന്നു.

അതിനിടെ, മണിപ്പൂരിലെ 27 നിയമസഭ മണ്ഡലങ്ങളുടെ കോഓഡിനേറ്റിങ് സമിതി നടത്തിയ 24 മണിക്കൂർ ബന്ദ് ജനജീവിതം താറുമാറാക്കി. ഇംഫാൽ താഴ്വരയിൽ വ്യാപാര സ്ഥാപനങ്ങളടക്കം അടഞ്ഞുകിടന്നു.

മലയോരങ്ങളിൽ ബന്ദ് കാര്യമായി ബാധിച്ചില്ല. മേയ് ആദ്യത്തിൽ തുടക്കമായ സംഘർഷത്തിൽ മരണസംഖ്യ ഉയരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയാണ്. ഇതിനകം 160ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. എണ്ണമറ്റ വീടുകളും ആക്രമിക്കപ്പെട്ടു.

Tags:    
News Summary - 3 dead in fresh violence in Manipur’s Bishnupur, houses burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.