അഹ്മദാബാദ്: ഗുജറാത്ത് സർവകലാശാല ഹോസ്റ്റലിൽ വിദേശ വിദ്യാർഥികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഹോസ്റ്റലിന്റെ ടെറസിൽ അധികൃതരുടെ അനുമതിയോടെ റമദാനിലെ രാത്രിനമസ്കാരം (തറാവീഹ്) നമസ്കരിച്ചതിനാണ് ശനിയാഴ്ച രാത്രി പുറത്തുനിന്നെത്തിയവർ മുറിയിൽ കയറി വിദ്യാർഥികളെ ആക്രമിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തത്.
ഹിതോഷ് മേവാദ, ഭാരത് പട്ടേൽ, ഷിതിജ് പാണ്ഡേ, ജിതേന്ദ്ര പട്ടേൽ, സാഹിൽ ദുധാതിയ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. അഫ്ഗാനിസ്താൻ, തജികിസ്താൻ, ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് ആക്രമിക്കപ്പെട്ടത്. 25ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദേശ വിദ്യാർഥികളെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റാനും സുരക്ഷ ശക്തമാക്കാനും സർവകലാശാല തീരുമാനിച്ചതായി വൈസ് ചാൻസലർ അറിയിച്ചു. അതേസമയം, വിഷയത്തിൽ സ്വമേധയാ കേസെടുക്കാനുള്ള അപേക്ഷ ഗുജറാത്ത് ഹൈകോടതി തള്ളി. കോടതി അന്വേഷണ ഏജൻസിയല്ലെന്നും പൊലീസ് ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.