ലഖ്നോ: പ്രമാദമായ പലകേസുകളിലും പൊലീസ് കോടതിയിൽ കുറ്റപത്രം സമപ്പിക്കുന്നത് വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ചത്തുപോയ എലിക്ക് നീതി തേടി ഉത്തർപ്രദേശ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ് ഇപ്പോൾ കൗതുകമായിരിക്കുന്നത്.
എലിയുടെ വാലിൽ കല്ല് കെട്ടി അഴുക്കുചാലിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് പൊലീസ് ബുദൗൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് 30 പേജുള്ള കുറ്റപത്രമാണ്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. നവംബർ 25നാണ് മനോജ് കുമാർ എന്നയാൾക്കെതിരെ പൊലീസിന് പരാതി ലഭിച്ചത്. കുമാർ എലിയെ വാലിൽ കല്ല് കെട്ടി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞതായി പരാതിക്കാരനായ വികേന്ദ്ര ശർമ തങ്ങളെ അറിയിച്ചതായി പൊലീസ് പറഞ്ഞു. എലിയെ രക്ഷിക്കാൻ താൻ അഴുക്കുചാലിൽ ഇറങ്ങിയെങ്കിലും അത് ചത്തുപോയിരുന്നതായാണ് വികേന്ദ്ര ശർമ പൊലീസിനോട് പറഞ്ഞത്.
ഫോറൻസിക് റിപ്പോർട്ട്, മാധ്യമങ്ങളിലെ വീഡിയോകൾ, വിവിധ വകുപ്പുകളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയതെന്ന് സർക്കിൾ ഓഫിസർ (സിറ്റി) അലോക് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. എലിക്ക് ശ്വാസകോശത്തിലും കരളിനും അണുബാധയുണ്ടെന്നും ശ്വാസംമുട്ടിയാണ് ചത്തതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കുമാറിനെ പൊലിസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.