306 എം.പിമാർ ക്രിമിനൽ കേസ് പ്രതികൾ; ‘ഒന്നാം സ്ഥാനം’ ബി.ജെ.പിക്ക്

ന്യൂഡൽഹി: രാജ്യസഭയിലും ലോക്സഭയിലുമായി 306 സിറ്റിങ് എം.പിമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് കണക്കുകൾ. ഇതിൽ 194 എണ്ണവും ഗുരുതരമായ ക്രിമിനൽ കേസുകളാണെന്നും, രാഷ്ട്രീയത്തിലെ അഴിമതിക്കും ക്രിമിനൽവത്കരണത്തിനുമെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകെയുള്ളതിൽ 40 ശതമാനം എം.പിമാരും ക്രിമിനൽ കേസ് പ്രതികളാണെന്നും റിപ്പോർട്ട് പറയുന്നു.

കേസുള്ള എം.പിമാർ കൂടുതലുള്ളത് ഭരണകക്ഷിയായ ബി.ജെ.പിക്കാണ്. രാജ്യസഭയിലും ലോക്സഭയിലുമായി പാർട്ടിയുടെ 385 എം.പിമാരിൽ 139 (36 ശതമാനം) പേരും ക്രിമിനൽ കേസ് പ്രതികളാണ്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുള്ള എം.പിമാർ കൂടുതലുള്ളത് ബിഹാറിലാണ് (28 പേർ). 29 എം.പിമാരുള്ള കേരളത്തിൽ 23 (79 ശതമാനം) പേർക്കെതിരെ കേസുകളുണ്ട്. ഇതിൽ 10 പേർ (34 ശതമാനം) ഗുരുതര കുറ്റകൃത്യം ചെയ്തവരാണ്. ഉത്തർപ്രദേശിൽനിന്നുള്ള 108 എം.പിമാരിൽ 37 പേരും (34 ശതമാനം) തങ്ങൾക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ സ്വയം സാക്ഷ്യപ്പെടുത്തുന്നു.

കോൺഗ്രസിന്റെ 81 എം.പിമാരിൽ 43ഉം തൃണമൂൽ കോൺഗ്രസിന്റെ 36ൽ 14 ഉം ആർ.ജെ.ഡിയുടെ ആറിൽ അഞ്ചുപേരും ക്രിമിനൽ കേസ് പ്രതികളാണ്. സി.പി.എമ്മിൽനിന്നുള്ള എട്ട് എം.പിമാരിൽ ആറും ആം ആദ്മി പാർട്ടിയുടെ 11ൽ മൂന്നും പേർ ക്രിമിനൽ കേസുകൾ സത്യവാങ്മൂലത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതര കുറ്റകൃത്യം ചെയ്തവരിലും മുന്നിൽ ബി.ജെ.പിയാണ്, 98 പേർ. കോൺഗ്രസിലെ 26ഉം സി.പി.എമ്മിലെ രണ്ടും എം.പിമാർ ഇത്തരം കേസുകളിൽ പ്രതികളാണ്.

11 എം.പിമാർ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളും 32 പേർ വധശ്രമക്കേസുകളും 21 എം.പിമാർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളും സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 21ൽ നാലുപേർ ബലാത്സംഗക്കേസ് പ്രതികളാണ്.

Tags:    
News Summary - 306 MPs have criminal cases against them: 'First place' for BJP -ADR Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.