ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ സാമാജികരിൽ 35 ശതമാനം പേർക്കെതിരെയും ക്രിമിനൽ കേസുകൾ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീംഫോസ് അനാലിസിസ് പുറത്തുവിട്ടതാണ് കണക്കുകൾ. അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വിശകലനം.
യു.പി നിയമസഭയിൽ 369 അംഗങ്ങളാണുള്ളത്. 35 ശതമാനം പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. ഇതിൽ 27 ശതമാനംപേർ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ഏഴുപേർക്കെതിരെ കൊലപാതക കുറ്റം നിലനിൽക്കുന്നു. 36 പേർക്കെതിരെ കൊലപാതക ശ്രമത്തിനും രണ്ടുപേർക്കെതിരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും കേസുണ്ട്.
'യു.പി ഭരിക്കുന്ന ബി.ജെ.പിയുടെ 304 പേരിൽ 106പേരും സമാജ്വാദി പാർട്ടിയുടെ 49 എം.എൽ.എമാരിൽ 18 പേരും ബി.എസ്.പിയുടെ 16 എം.എൽ.എമാരിൽ അഞ്ചുപേരും കോൺഗ്രസിന്‍റെ ഏഴു എം.എൽ.എമാരിൽ ഒരാളും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു' -എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നു.
ബി.എസ്.പിയുടെ മുക്താർ അൻസാരിയും നിർബൽ ഇന്ത്യൻ ശോഷിത് ഹമാരാ ആം ദളിന്‍റെ വിജയ് കുമാറും 16 ക്രിമിനൽ കേസുകൾ നേരിടുന്നു. ക്രിമിനൽ കേസുകൾ നേരിടുന്ന എം.എൽ.എമാരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് കുറവാണെന്നാണ് എ.ഡി.ആറിന്‍റെ കണ്ടെത്തൽ. 2012ൽ എ.ഡി.ആർ സർവേയിൽ 403 പേരിൽ 47 ശതമാനം പേരും ക്രിമിനൽ കേസുകൾ നേരിടുന്നതായി വ്യക്തമാക്കിയിരുന്നു.
യു.പി നിയമസഭയിലെ 313 എം.എൽ.എമാരും കോടിപതികളാണ്. ബി.ജെ.പിയുടെ 304 എം.എൽ.എമാരിൽ 235 പേരാണ് കോടിപതികൾ. എസ്.പിയുടെ 49 എം.എൽ.എമാരിൽ 42 പേരും ബി.എസ്.പിയുടെ 15 എം.എൽ.എമാരും കോൺഗ്രസിന്‍റെ അഞ്ച് എം.എൽ.എമാരും കോടിപതികളാണ്.
എം.എൽ.എമാരിൽ 95 പേർ സ്കുൾ പഠനം പൂർത്തിയാക്കിയിട്ടില്ല. നാലുപേർ നിരക്ഷരരും അഞ്ചുപേർ ഡിേപ്ലാമ കോഴ്സ് പഠിച്ചവരുമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.