ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസുമായി ബന്ധമുള്ള ക്വിക് സൈപ്ല ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പിക്ക് നൽകിയത് 385 കോടി രൂപ. ഏറ്റവും കൂടുതൽ തുകയുടെ ബോണ്ട് വാങ്ങിയ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിെന്റ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവിസസിൽനിന്ന് കൂടുതൽ സംഭാവന ലഭിച്ചത് തൃണമൂൽ കോൺഗ്രസിന് -540 കോടി രൂപ. കൂടുതൽ ബോണ്ട് വാങ്ങിയവരിൽ രണ്ടാം സ്ഥാനത്തുള്ള മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രസ്ട്രക്ചർ ബി.ജെ.പിക്ക് നൽകിയത് 584 കോടി രൂപ. സുപ്രീംകോടതി നിർദേശപ്രകാരം സീരിയൽ നമ്പറും ആൽഫ ന്യൂമറിക് നമ്പറും ഉൾപ്പെടെ എസ്.ബി.ഐ സമർപ്പിച്ച പൂർണ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടപ്പോഴാണ് ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് ചിത്രം വ്യക്തമായത്.
എല്ലാ വിവരങ്ങളും വ്യാഴാഴ്ച വൈകുന്നേരത്തിനകം തെരഞ്ഞെടുപ്പ് കമീഷന് കൈമാറാനും ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്ന് സത്യവാങ്മൂലം നൽകാനും തിങ്കളാഴ്ച എസ്.ബി.ഐക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം എല്ലാ വിവരങ്ങളും കൈമാറിയെന്ന് കാണിച്ച് എസ്.ബി.ഐ സത്യവാങ്മൂലം നൽകി. ഇതോടെ, ഏത് ബോണ്ട് ഏതു രാഷ്ട്രീയ പാര്ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും.
ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയ മൂന്നാമത്തെ കമ്പനിയാണ് ക്വിക് സൈപ്ല ചെയിൻ. 2021, 2023 വർഷങ്ങളിൽ 410 കോടി രൂപയുടെ ബോണ്ടാണ് കമ്പനി വാങ്ങിയത്. വെയർ ഹൗസുകൾ, സ്റ്റോറേജ് യൂനിറ്റുകൾ എന്നിവയുടെ നിർമാതാക്കളായാണ് കമ്പനിയെ വിശേഷിപ്പിക്കുന്നത്. അധികം അറിയപ്പെടാത്ത ക്വിക് സൈപ്ല ചെയിൻ കമ്പനിയുടെ രജിസ്റ്റേഡ് വിലാസം നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയാണ്. ശിവസേനക്ക് 25 കോടിയും കമ്പനി നൽകിയിട്ടുണ്ട്.
1368 കോടി രൂപയുടെ ബോണ്ട് വാങ്ങിയ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവിസസിൽനിന്ന് കൂടുതൽ തുക സംഭാവന ലഭിച്ച രണ്ടാമത്തെ പാർട്ടി ഡി.എം.കെയാണ് -509 കോടി രൂപ. വൈ.എസ്.ആർ കോൺഗ്രസിന് 150 കോടിയും ബി.ജെ.പിക്ക് 100 കോടിയും കമ്പനിയിൽനിന്ന് സംഭാവന ലഭിച്ചു. റിലയൻസുമായി ബന്ധമുള്ള മറ്റൊരു കമ്പനിയായ ഹണിവെൽ പ്രോപർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് 2021ൽ 30 കോടി രൂപയുടെ ബോണ്ട് വാങ്ങി. മുഴുവൻ തുകയും ബി.ജെ.പിക്കാണ് ലഭിച്ചത്.
ഇലക്ടറൽ ബോണ്ട് വഴി കോൺഗ്രസിന് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ഖനന കമ്പനിയായ വേദാന്തയിൽനിന്നാണ് -125 കോടി രൂപ.
പേരു വെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ബോണ്ട് വഴി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും കൈമാറാൻ എസ്.ബി.ഐയോട് നിർദേശിക്കുകയും ചെയ്തിരുന്നു.
ന്യൂഡൽഹി: കോർപറേറ്റ് കമ്പനിയായ അരബിന്ദോ ഫാർമക്ക് ഡൽഹി മദ്യനയവുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കൗതുകകരമായ ചില കണ്ണികളിലേക്ക് വിരൽചൂണ്ടുന്നു. കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതക്ക് ബന്ധമുള്ള കമ്പനിയായ അരബിന്ദോ ഫാർമ അവർ അറസ്റ്റിലായതിന്റെ അഞ്ചാം ദിവസം അഞ്ചുകോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി. ഒരാഴ്ചക്കകം ബി.ജെ.പി ഇത് പണമാക്കി മാറ്റി. ആകെ 52 കോടിയുടെ ഇലക്ടറൽ ബോണ്ടാണ് അരബിന്ദോ ഫാർമ വാങ്ങിയത്. ഇതിൽ 34.5 കോടിയും ബി.ജെ.പിക്ക് ലഭിച്ചു. 15 കോടി ബി.ആർ.എസിനും 2.5 കോടി തെലുഗുദേശം പാർട്ടിക്കുമാണ് ബോണ്ട് വഴി സംഭാവന നൽകിയത്. കെ. കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ് ഡൽഹിയിലെ മദ്യവ്യാപാരത്തിന്റെ നിയന്ത്രണം നേടാൻ പാകത്തിൽ മദ്യനയത്തെ സ്വാധീനിക്കാൻ 100 കോടി രൂപ ആം ആദ്മി പാർട്ടിക്ക് സംഭാവന നൽകിയതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.