സ്കൂളിന്റെ ജീർണാവസ്ഥ വിവരിക്കുന്ന മൂന്നാം ക്ലാസുകാരിയുടെ വിഡിയോ വൈറലായതോടെ നവീകരണത്തിന് നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂളിൽ അത്യാവശ്യ സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീരിലെ സീറത്ത് നാസ് എന്ന മൂന്നാം ക്ലാസുകാരിയാണ് മൊബൈലിൽ വിഡിയോ എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായിരുന്നു കുട്ടിയുടെ അഭ്യർഥന. ജീർണാവസ്ഥയിലുള്ള പ്രിൻസിപ്പൽ ഓഫിസിന്റെയും സ്റ്റാഫ് റൂമിന്റെയും മുന്നിൽനിന്നുള്ള വിഡിയോയിൽ സ്കൂളിലെ തറ എത്ര അഴുക്ക് നിറഞ്ഞതാണെന്നും ഇവിടെയാണ് ഞങ്ങൾ ഇരിക്കുന്നതെന്നും നാസ് ചൂണ്ടിക്കാട്ടി.
‘ദയവായി ഞാൻ പറയുന്നത് ശ്രദ്ധിക്കുകയും ഞങ്ങൾക്കായി ഒരു നല്ല സ്കൂൾ പണിയുകയും ചെയ്യുക. അത് ഞങ്ങൾക്ക് വിദ്യാഭ്യാസം തുടരാനും ഞങ്ങളുടെ യൂനിഫോം വൃത്തികേടാക്കിയതിന് അമ്മമാരുടെ ശകാരം കേൾക്കാതിരിക്കാനും സഹായകമാകും’, എന്നിങ്ങനെയായിരുന്നു വിഡിയോയിലെ അഭ്യർഥന.
ഇത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ജമ്മുവിലെ സ്കൂൾ എജുക്കേഷൻ ഡയറക്ടർ രവിശങ്കൾ ശർമ ലോഹൈ മൽഹാറിലുള്ള സർക്കാർ സ്കൂളിലെത്തി. 91 ലക്ഷം രൂപ ചെലവിട്ട് സ്കൂൾ ആധുനിക രീതിയിൽ നവീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാലുടൻ പ്രവൃത്തി തുടങ്ങുമെന്ന് രവിശങ്കർ ശർമ അറിയിച്ചു. തന്റെ വിഡിയോ കാരണം സ്കൂളിന് പുതിയ മുഖം വരുന്നതിലെ സന്തോഷത്തിലാണ് നാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.