ബംഗളൂരു: കർണാടകയിൽ 40 ബി.ജെ.പി, ജെ.ഡി.എസ് നേതാക്കളെങ്കിലും ഉടൻ കോൺഗ്രസിൽ ചേരാൻ സാധ്യത. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. ജെ.ഡി.എസ്, എൻ.ഡി.എയിൽ ചേർന്നതിൽ പ്രതിഷേധമുള്ളവരാണിവർ. കഴിഞ്ഞ ദിവസം ബി.ജെ.പി മുൻ എം.എൽ.എ രാമപ്പ ലമാനി കോൺഗ്രസിൽ ചേർന്നിരുന്നു. ഇദ്ദേഹത്തിന് നൽകിയ സ്വീകരണച്ചടങ്ങിലാണ് കൂടുതൽ നേതാക്കൾ വരുമെന്ന് ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ തവണ ശിരഹട്ടി മണ്ഡലത്തിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനാലാണ് ലമാനി ബി.ജെ.പിയോട് ഇടഞ്ഞത്. ബിദർ ജില്ല മുതൽ ചാമരാജ്നഗർ ജില്ല വരെയുള്ള നേതാക്കളാണ് ഇവർ.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥികളായ നൂറിലധികം പേരും കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു. ബി.ജെ.പി മുൻ എം.എൽ.എമാരായ എം.പി. കുമാരസ്വാമി, പൂർണിമ ശ്രീനിവാസ് എന്നിവരും ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസിൽ ചേരുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി സീറ്റ് നൽകാത്തതിനാൽ കുമാരസ്വാമി ജെ.ഡി.എസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ നയന മുതമ്മയോട് പരാജയപ്പെട്ടു. ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ മണ്ഡലത്തിൽ എം.എൽ.എയായിരുന്ന പൂർണിമ ശ്രീനിവാസ് കഴിഞ്ഞ തവണ കോൺഗ്രസിന്റെ ഡി. സുധാകറിനോട് പരാജയപ്പെട്ടു. തന്റെ സമുദായമായ ഗൊല്ല വിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാതെ വഞ്ചിച്ചതിനാലാണ് പരാജയപ്പെട്ടതെന്നും ബി.ജെ.പിയാണ് ഉത്തരവാദിയെന്നും പൂർണിമ പിന്നീട് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.