പട്ന: ചിരാഗ് പാസ്വാനെതിരെ വിമത നീക്കം നടത്തിയ അഞ്ച് എം.പിമാരെ ലോക് ജനശക്തി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗിനെ നീക്കിയതായി വാർത്തകൾ വന്നതിന് തൊട്ടുപിന്നാലെയാണ് വിമതർക്കെതിരായ നടപടി. നേരത്തെ അഞ്ച് വിമതർ ചേർന്ന് ചിരാഗിന്‍റെ പിതൃ സഹോദരനായ പശുപതി പരാസിനെ പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനത്ത് നിയോഗിച്ചതോടെ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു.
പശുപതി പരാസ്, പ്രിൻസ് രാജ്, ചന്ദൻ സിങ്, വീണ ദേവി, മെഹബൂബ് അലി കേശർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വെർച്വലായി പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് ചേരുന്നതായി നോട്ടീസ് നൽകിയെങ്കിലും ഇവരിൽ നിന്ന് പ്രതികരണം ലഭിക്കാത്തതിനാൽ സസ്പെൻഡ് ചെയ്യുകയായിരുന്നു.
വിവാദ വിഷയങ്ങളെ കുറിച്ച് വിശദീകരിക്കാൻ ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് ചിരാഗ് പാസ്വാൻ വാർത്താ സമ്മേളനം വിളിച്ചുചേർക്കുന്നുണ്ട്.
ഒരാൾ ഒരു പദവി എന്ന നയം പിന്തുടർന്നാണ് വിമത എം.പിമാർ ചിരാഗിനെ അധ്യക്ഷപദവിയിൽ നിന്നും നീക്കം ചെയ്തത്. ദേശീയ അധ്യക്ഷ പദവിക്ക് പുറമേ എൽ.ജെ.പി പാർലമെന്‍ററി പാർട്ടി നേതാവ്, പാർലമെന്‍ററി ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ ചിരാഗായിരുന്നു വഹിച്ചിരുന്നത്.
വിമതർ സുർജൻ ഭാനിനെ വർക്കിങ് പ്രസിഡന്‍റും തെരഞ്ഞെടുപ്പ് ഓഫീസറുമായി നിയമിച്ചു. പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് വിളിക്കാനും അഞ്ച് ദിവസങ്ങൾക്കം ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനും അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്.
പട്നയിൽ പാർട്ടി ഓഫീസിന് മുന്നിൽ വെച്ച് പ്രവർത്തകർ വിമതർക്കെതിരെ മുദ്രാവാക്യം വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.