ന്യൂഡല്‍ഹി: പണഞെരുക്കത്തിനും സാമ്പത്തികമാന്ദ്യത്തിനും ഇടയാക്കി 500, 1000 രൂപ നോട്ട് അസാധുവാക്കിയിട്ട് രണ്ടു മാസം. ബാങ്കുകളിലെ നിയന്ത്രണം തുടരുകയാണ്, ക്യൂ അവസാനിച്ചിട്ടില്ല. കെടുതി ഏറെനാള്‍ തുടരുമെന്നതാണ് സ്ഥിതി. പ്രശ്നപരിഹാര നടപടികളില്‍നിന്ന് സര്‍ക്കാറും റിസര്‍വ് ബാങ്കും പിന്‍വലിഞ്ഞ മട്ടാണ്. നവംബര്‍ എട്ടിനാണ് നോട്ട് അസാധുവാക്കിയത്.
ബാങ്ക് അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയായി അനിശ്ചിതകാലത്തേക്ക് തുടരും. ഡല്‍ഹിയില്‍ ഇപ്പോഴും ഈ തുക നല്‍കുന്ന ബാങ്കുകള്‍ ചുരുക്കം. ശനിയാഴ്ച പല ബാങ്കുകളും ഇടപാടുകാര്‍ക്ക് 5,000 രൂപ മാത്രമാണ് നല്‍കിയത്. 4,500 രൂപ പിന്‍വലിക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും എ.ടി.എമ്മുകള്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നു. അക്കൗണ്ട് തുറക്കല്‍, വായ്പ അനുവദിക്കല്‍ തുടങ്ങിയ നടപടികള്‍ സാധാരണ നിലയിലായിട്ടില്ല. എന്നാല്‍, കൂടുതല്‍ വായ്പയുടെ വലിയ പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയത്.
പണഞെരുക്കത്തെ തുടര്‍ന്ന് വിവിധ മേഖലകള്‍ മാന്ദ്യത്തിലായത് മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജി.ഡി.പി) മുരടിപ്പിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തെ 7.6 ശതമാനത്തില്‍നിന്ന് 7.1 ശതമാനമായെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ കണക്ക്. ഇതാകട്ടെ, നോട്ട് അസാധുവാക്കലിന്‍െറ കെടുതി പ്രതിഫലിപ്പിക്കുന്നതല്ല. ഫലത്തില്‍, നോട്ട് അസാധുവാക്കിയശേഷമുള്ള മാന്ദ്യത്തിന്‍െറ ചിത്രം ഇതിലും ഗുരുതരമായിരിക്കും. ആഭ്യന്തര റേറ്റിങ് ഏജന്‍സിയായ ഐ.സി.ആര്‍.എ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്തെ മാന്ദ്യം പരിഗണിച്ചാല്‍ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 6.6 ശതമാനത്തിലേക്ക് താഴുമെന്നാണ് അവരുടെ പ്രവചനം. നിര്‍മാണ മേഖല വലിയ തിരിച്ചടി നേരിടും. നോട്ട് അസാധുവാക്കിയതുവഴി മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജി.ഡി.പി) രണ്ടു ശതമാനം വരെ പിന്നോട്ടടിക്കുമെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ പ്രവചനം.
സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഒരു ശതമാനം ഇടിവാണ് പ്രവചിക്കുന്നത്. മന്‍മോഹന്‍ സിങ്ങിന്‍െറ കണക്കുപ്രകാരം ജി.ഡി.പി 7.6ല്‍നിന്ന് 5.6 ശതമാനത്തിലേക്ക് താഴും. ഒരു ശതമാനം ജി.ഡി.പി എന്നാല്‍ ഒന്നര ലക്ഷം കോടി രൂപയാണ്. ബാങ്കുകളിലേക്ക് തിരിച്ചത്തെിയ അസാധു നോട്ടിന്‍െറ കണക്ക് റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ല. 97 ശതമാനം പഴയ നോട്ടും ബാങ്കില്‍ തിരിച്ചത്തെിയതായി അധികൃത കേന്ദ്രങ്ങളില്‍നിന്നുതന്നെ സൂചനയുണ്ട്.
ബാങ്കിലത്തെിയ നോട്ടില്‍ കള്ളനോട്ടുമുണ്ടെന്ന വിശദീകരണങ്ങളും പുറത്തുവന്നിട്ടുണ്ട്. കള്ളപ്പണം, കള്ളനോട്ട് എന്നിവ തടയാനാണ് നോട്ട് അസാധുവാക്കിയതെന്ന സര്‍ക്കാര്‍ വിശദീകരണങ്ങളുടെ പൊള്ളത്തരംകൂടിയാണ് ഇതില്‍നിന്ന് ലഭിക്കുന്നത്. കള്ളപ്പണം തടയുന്നതിനേക്കാള്‍, ബാങ്കുകള്‍ വഴി കള്ളപ്പണവും കള്ളനോട്ടും വെളുപ്പിച്ചുവെന്ന യാഥാര്‍ഥ്യമാണ് പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.