ലഖ്നോ: ജാതി സെൻസസ് നടത്തുമെന്നും സംവരണപരിധി 50 ശതമാനം എന്ന നിയന്ത്രണം എടുത്തുകളയുമെന്നും രാഹുൽ ഗാന്ധി. അലഹബാദിലെ സിവിൽ സൊസൈറ്റികളുടെ യോഗത്തിൽ സംസാരിക്കവെയാണ് ഈ കാര്യം വ്യക്തമാക്കിയത്. എന്‍റെ ലക്ഷ്യം സമ്പത്ത് വിതരണമാണ്. പിന്നാക്ക വിഭാഗക്കാരുടെയും ദലിതരുടെയും കൈകളിൽ എത്രയുണ്ട്, തൊഴിലാളികൾക്ക് എത്രയുണ്ട് എന്ന് അന്വേഷിക്കേണ്ടതാണ്.
രണ്ടാമത്തെ കാര്യം അക്കാദമിക് സ്ഥാപനങ്ങളിലും ജുഡീഷ്യറിയിലും മാധ്യമങ്ങളിലും ഈ ആളുകളുടെ (ഒ.ബി.സി, എസ്.സി, എസ്.ടി) പങ്കാളിത്തം അറിയുക എന്നതാണ്. ഓരോ വ്യക്തിയും തുല്യരാണെന്നും ഭരണഘടന നമ്മുടെ സമൂഹത്തിനായി എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
'സംവരണ നയമുണ്ടെങ്കിലും ഇന്ത്യയിലെ ദലിതർക്ക് ഇപ്പോഴും സംവരണം ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഞാൻ ന്യൂനപക്ഷ വിഭാഗങ്ങളെയും ദലിതരോ അധഃസ്ഥിതരോ ആയി കാണുന്നില്ല. അതുകൊണ്ടാണ് ജാതി സെൻസസ് നടത്തി 50 ശതമാനം സംവരണം ഒഴിവാക്കാൻ ശ്രമിക്കുന്നത്'. രാഹുൽ വ്യക്തമാക്കി. ഇന്ത്യയിലെ ജനസംഖ്യയുടെ 90 ശതമാനവും ഒ.ബി.സി, എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളാണ്.
അടുത്തിടെ രാഹുലിന്‍റെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് ബ്യൂറോക്രാറ്റിക് തസ്തികകളിലേക്കുള്ള ലാറ്ററൽ നിയമനത്തിനുള്ള പരസ്യം മോദി സർക്കാർ പിൻവലിച്ചിരുന്നു. ബോളിവുഡിൽ പോലും 90 ശതമാനത്തിൻ്റെ പ്രാതിനിധ്യവും കാണാനാകില്ല. മിസ് ഇന്ത്യാക്കാരുടെ ലിസ്റ്റിലും ദളിത്, ആദിവാസി, ഒബിസി ഇല്ല. ഈ ലിസ്റ്റിൽ ഇന്ത്യയുടെ ഘടനയിൽ 90 ശതമാനവും ഉൾപ്പെടുത്തിയില്ലെങ്കിൽ ഭരണഘടന നിലനിൽക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
എസ്.സി, എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള മൊത്തം സംവരണ പരിധിയിൽ 50 ശതമാനം പരിധി ഉയർത്തി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. രാജഭരണകാലത്ത് രാജാക്കന്മാർ എന്തും ചെയ്യുമായിരുന്നു. മോദിജി ആ മാതൃക പ്രവർത്തിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.