ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിലെ അട്ടിമറിക്കൊപ്പം ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാറിനെ താഴെയിറക്കാനുള്ള ബി.ജെ.പി നീക്കം വിഫലം. ഹൈകമാൻഡ് നിയോഗിച്ച കേന്ദ്രനിരീക്ഷകർ കോൺഗ്രസിലെ പോര് ഒതുക്കി. മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു തുടരും. കൂറുമാറി വോട്ടു ചെയ്ത ആറ് കോൺഗ്രസ് എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കി.
രാജ്യസഭ സ്ഥാനാർഥി അഭിഷേക് സിങ്വി തോറ്റെങ്കിലും നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം അടക്കം ബി.ജെ.പിയുടെ ‘ഓപറേഷൻ താമര’ പദ്ധതിയാണ് കോൺഗ്രസ് പൊളിച്ചത്. ബജറ്റ് പാസാക്കി നിയമസഭ ഒരു ദിവസം മുമ്പേ പിരിച്ചു വിട്ടതിനു പിന്നാലെയാണ് കൂറുമാറി വോട്ടു ചെയ്തവരെ അയോഗ്യരായി പ്രഖ്യാപിച്ചത്.
ഇതോടെ 68 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 40ൽ നിന്ന് 34 ആയി താഴ്ന്നു. ആറ് ഒഴിവുകൾ വന്നതോടെ കേവല ഭൂരിപക്ഷത്തിന് 32 സീറ്റ് മതി. കോൺഗ്രസ് പക്ഷത്തുനിന്ന് മാറി രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത മൂന്നു സ്വതന്ത്രർ തുടർന്നും പിന്തുണച്ചാൽ കൂടി ബി.ജെ.പിയുടെ അംഗബലം 28ൽ ഒതുങ്ങും.
മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കലാപം ഉയർത്തിയ പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്, മാതാവും പി.സി.സി അധ്യക്ഷയുമായ പ്രതിഭസിങ്, മുഖ്യമന്ത്രി സുഖ്വീന്ദർസിങ് സുഖു എന്നിവരെ ഇരുപുറവും ഇരുത്തി കേന്ദ്രനിരീക്ഷകരായ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മുൻമുഖ്യമന്ത്രിമാരായ ഭൂപീന്ദർസിങ് ഹൂഡ, ഭൂപേഷ് ബാഘേൽ എന്നിവർ വാർത്താസമ്മേളനം നടത്തി ഐക്യത്തിന്റെ മുഖം പ്രകടമാക്കി. വെടിനിർത്തൽ’ ധാരണയുടെ ഭാഗമായി അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ ഏകോപന സമിതി രൂപവൽക്കരിക്കും.
ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കുന്നത് വിലക്കിയിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഊർജിത ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത്. അതേസമയം, ബി.ജെ.പിയുടെ അടുത്ത നീക്കം വ്യക്തമല്ല. സുഖ്വീന്ദർ സിങ് സുഖു അഞ്ചു വർഷവും തുടരുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കൂറുമാറ്റത്തിന് ശ്രമിക്കുമെന്ന് മുൻകൂട്ടി കാണാതിരുന്ന വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന് മുന്നിലുള്ള അടിയന്തര വിഷയം ലോക്സഭ തെരഞ്ഞെടുപ്പാണെന്നും ഐക്യത്തോടെ മുന്നോട്ടു പോകണമെന്നും പ്രതിഭ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.