ഭോപാൽ: മധ്യപ്രദേശിൽ മുൻ മന്ത്രിയും ആറ് തവണ എം.എൽ.എയുമായ കോൺഗ്രസ് നേതാവ് രാംനിവാസ് റാവത്ത് ബി.ജെ.പിയിൽ ചേർന്നു. ദിഗ് വിജയ് സിങ് സർക്കാറിൽ മന്ത്രിയായിരുന്ന റാവത്ത് മുമ്പ് മധ്യപ്രദേശ് കോൺഗ്രസിന്‍റെ എക്സിക്യൂട്ടീവ് പ്രസിഡന്‍റായിരുന്നു. ഒ.ബി.സി വിഭാഗത്തിലെ പ്രമുഖ നേതാവാണ് രാംനിവാസ് റാവത്ത്.
രാഹുൽ ഗാന്ധി സംസ്ഥാനത്ത് സന്ദർശനം നടത്തുന്നതിനിടെയാണ് മുതിർന്ന നേതാവിന്‍റെ രാജി. ഷിയോപൂർ ജില്ലയിലെ വിജയ്പൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആറ് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൊറേനയിൽ നിന്ന് നരേന്ദ്ര സിങ് തോമറിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ഇൻഡോർ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർഥി അക്ഷയ് കാന്തി ബാംബ് നാമനിർദേശ പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായത്. സൂറത്തിലും ഇൻഡോറിലും തങ്ങളുടെ സ്ഥാനാർഥികൾക്ക് ഭീഷണിയുണ്ടെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു.
കോൺഗ്രസിന്‍റെ സൂറത്ത് സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രിക പൊരുത്തക്കേടുകളുടെ പേരിൽ നിരസിക്കപ്പെട്ടത് ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാൻ വഴിയൊരുക്കി. 1984 മുതൽ സൂറത്ത്, ഇൻഡോർ ലോക്‌സഭ സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചിട്ടില്ലെന്നും എന്നാൽ 2024ൽ രണ്ട് സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.