ന്യൂഡൽഹി: സ്വകാര്യ സ്കൂൾ ബസിൽ വെച്ച് ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്വീകരിച്ച നടപടിയെ കുറിച്ച് വിശദ റിപ്പോർട്ട് നൽകാൻ രോഹിണി ഡപ്യൂട്ടി കമീഷണർക്ക് നിർദേശം നൽകി ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ. വിഷയത്തിൽ സമർപ്പിച്ച എഫ്.ഐ.ആറിന്‍റെ പകർപ്പ് കൈമാറണമെന്നും, ഏതെങ്കിലും വിധേന കുറ്റപത്രം സമർപ്പിക്കുന്നതിന് സമയമെടുത്തിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കണമെന്നും ഡപ്യൂട്ടി കമീഷണർക്ക് അയച്ച നോട്ടീസിൽ പരാമർശിച്ചിട്ടുണ്ട്. വിഷയത്തിൽ സ്കൂളിനെതിരേയും കർശന നടപടിയെടുക്കുമെന്നും പൊലീസിന് നോട്ടീസയച്ചിട്ടുണ്ടെന്നും സ്വാതി മലിവാൾ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
വിഷയത്തിൽ സ്കൂൾ പ്രിൻസിപ്പാൽ, സ്കൂൾ മാനേജർ, വൈസ് പ്രിൻസിപ്പാൽ എന്നിവർക്കെതിരെ എഫ്.ഐ.ആർ സമർപ്പിച്ചിട്ടുണ്ടോ എന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്നും പൊലീസ് വ്യക്തമാക്കണമെന്നും നോട്ടീസിലുണ്ട്.
ഡൽഹിയിലെ ബേഗംപൂർ പ്രദേശത്തെ സ്വകാര്യ സ്കൂളിലാണ് വിദ്യാർഥിനി പഠിക്കുന്നത്. ആഗസ്റ്റ് 23ന് മകൾ ബസിൽ നിന്നിറങ്ങിയപ്പോൾ ബാഗ് നനഞ്ഞിരുന്നതായി കണ്ടെത്തിയതിന് പിന്നാലെ കുട്ടിയോട് സംസാരിക്കുന്നതിനിടെയാണ് കുട്ടി പീഡനവിവരം പുറത്തുപറയുന്നത്. ബസിൽ തന്നോടൊപ്പം യാത്ര ചെയ്യുന്ന മുതിർന്ന ക്ലാസിലുള്ള വിദ്യാർഥിയാണ് സംഭവത്തിന് പിന്നിൽ. കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.