ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഏഴ് മുൻ മുഖ്യമന്ത്രിമാർ. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പുറമെ ശിവരാജ് സിങ് ചൗഹാൻ (മധ്യപ്രദേശ്), രാജ്നാഥ് സിങ് (ഉത്തർ പ്രദേശ്), മനോഹർലാൽ ഖട്ടർ (ഹരിയാന), സർബാനന്ദ സോണോവാൾ (അസം), എച്ച്.ഡി. കുമാരസ്വാമി (കർണാടക), ജിതിൻ റാം മാഞ്ചി (ബിഹാർ) എന്നിവരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കുമാരസ്വാമിയും (ജെ.ഡി.എസ്) മാഞ്ചിയും (ഹിന്ദുസ്ഥാനി അവാം മോർച്ച) ഒഴികെ എല്ലാവരും ബി.ജെ.പിക്കാരാണ്.
മുംബൈ: മൂന്നാം നരേന്ദ്ര മോദി സർക്കാറിൽ മഹാരാഷ്ട്രയിൽനിന്ന് ആറ് മന്ത്രിമാർ. കഴിഞ്ഞ രണ്ട് തവണയും മോദി സഭയിൽ മന്ത്രിമാരായിരുന്ന ബി.ജെ.പിയിലെ മുതിർന്ന നേതാക്കളായ പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി എന്നിവരും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ-എ പ്രസിഡന്റ് രാംദാസ് അത്താവാലെയും ഇത്തവണയും മന്ത്രിസഭയിലിടം നേടി.
ബി.ജെ.പി യുവ എം.എൽ.എമാരായ രക്ഷ ഖഡ്സെ, മുരളീധർ മൊഹോൽ, ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയിലെ പ്രദാപ്റാവു ജാദവ് എന്നിവരാണ് പുതുമുഖങ്ങൾ.
കടുത്ത പോരാട്ടത്തിൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും നാഗ്പൂരിൽ നിതിൻ ഗഡ്കരിക്ക് രണ്ടാം ജയമാണ്. ആർ.എസ്.എസ് ആസ്ഥാനമുള്ള നാഗ്പുർ ബി.ജെ.പി പിടിച്ചെടുക്കുന്നത് അദ്ദേഹത്തിലൂടെയാണ്. ഇതുവരെ രാജ്യസഭാംഗമായിരുന്ന പിയൂഷ് ഗോയലിന് ഇത്തവണ മുംബൈ നോർത്തിൽ കന്നിയങ്കമായിരുന്നു.
മോദി-ഷാമാരുടെ വിശ്വസ്ഥനും ആസൂത്രകനുമാണ് പിയൂഷ്. പിതാവ് വേദ്പ്രകാശ് ഗോയൽ 2001ലെ വാജ്പേയി സർക്കാറിൽ മന്ത്രിയായിരുന്നു. അമ്മ ചന്ദ്രകാന്ത ഗോയൽ നഗരത്തിലെ മാട്ടുംഗയിൽനിന്ന് മൂന്നു തവണ എം.എൽ.എയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.