ഇന്ത്യയിൽ ആകെയുള്ള ഹിമപ്പുലികളുടെ എണ്ണം 718 എന്ന് കണ്ടെത്തൽ. രാജ്യത്ത് ആദ്യമായി നടത്തിയ ഹിമപ്പുലി സർവേയിലാണ് വംശനാശം സംഭവിക്കാൻ സാധ്യതയുള്ള മൃഗങ്ങളുടെ ഗണത്തിൽപെടുത്തിയിട്ടുള്ള ഈ ജീവിയുടെ എണ്ണം തിട്ടപ്പെടുത്തിയത്. മധ്യേഷ്യയിലും ദക്ഷിണേഷ്യയിലുമാണ് ഹിമപ്പുലികൾ ധാരാളമായി കാണപ്പെടുന്നത്. ദക്ഷിണേഷ്യയിൽത്തന്നെ ലഡാക്കിലും അരുണാചൽ പ്രദേശിലുമാണ് ഹിമപ്പുലികളുടെ സാന്നിധ്യം കാര്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്താകമാനം മൂവായിരത്തോളം ഹിമപ്പുലികളാണ് സ്വന്തം ആവാസ വ്യവസ്ഥയിൽ കഴിയുന്നതെന്നാണ് കണക്ക്.
2019 മുതൽ 2023വരെ നടത്തിയ സർവേയിലാണ് രാജ്യത്തെ ഹിമപ്പുലികളുടെ എണ്ണം കണക്കാക്കിയത്. ഹിമപ്പുലികളുടെ സാന്നിധ്യത്തിന് സാധ്യതയുള്ള 1971 സ്ഥലങ്ങളിൽ കാമറ സ്ഥാപിച്ചാണ് സർവേ നടത്തിയത്. ലഡാക്കിന് പുറമെ ഹിമാചൽ, അരുണാചൽ, ഉത്തരഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും സർവേ നടത്തി. അതേസമയം, രാജ്യത്തെ ഹിമപ്പുലികളിൽ മൂന്നിലൊന്ന് മാത്രമേ സുരക്ഷിത ആവാസ വ്യവസ്ഥയിൽ കഴിയുന്നുള്ളൂവെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനവും വികസന പ്രവർത്തനങ്ങൾക്കായി വിവിധ നിർമാണങ്ങൾ നടത്തിയതുമൊക്കെയാണ് സുരക്ഷിത ആവാസം നഷ്ടമായതെന്നാണ് കണ്ടെത്തൽ. മൈസൂരുവിലെ നാച്വർ കൺസർവേഷൻ ഫൗണ്ടേഷനും വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമാണ് സർവേ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.