777 കോടി മുടക്കി നിർമ്മിച്ച് മോദി ഉദ്ഘാടനം ചെയ്ത പ്രഗതി ​ടണൽ സുരക്ഷിതമല്ലെന്ന് പി.ഡബ്യു.ഡി

ന്യൂഡൽഹി: 777 കോടി മുടക്കി നിർമ്മിച്ച പ്രഗതി ടണലിൽ ഗുരുതര തകരാറുകളെന്ന് ഡൽഹി പി.ഡബ്യു.ഡി വകുപ്പ്. വലിയ വിള്ളലുകൾ രൂപപ്പെട്ടുവെന്നും ടണൽ പൂർണമായി പുനർ നിർമിക്കേണ്ടി വരുമെന്നുമാണ് ഡൽഹി പി.ഡബ്യു.ഡിയുടെ വിലയിരുത്തൽ. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി ആറിനാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നത്.

ടണലിലൂടെയുള്ള സഞ്ചാരം സുരക്ഷിതമല്ലെന്നും വലിയ അറ്റകൂറ്റപ്പണി വേണ്ടി വരുമെന്നുമാണ് പി.ഡബ്യു.ഡി അറിയിക്കുന്നത്. 2022 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ടണൽ ഉദ്ഘാടനം ചെയ്തത്. സെൻട്രൽ ഡൽഹിയെ കിഴക്കൻ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് ടണൽ നിർ​മിച്ചത്.

ഡൽഹിയുടെ സാറ്റ്ലൈറ്റ് നഗരങ്ങളായ നോയിഡ, ഗാസിയബാദ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുകയും ടണലിന്റെ ലക്ഷ്യമാണ്. 1.3 കിലോമീറ്റർ ദൂരത്തിലാണ് ടണൽ നിർമിച്ചിരിക്കുന്നത്. അഞ്ച് അണ്ടർ പാസുകളും ടണലിൽ ഉൾപ്പെടുന്നുണ്ട്.

2023ൽ വെള്ളം കയറിയതിനെ തുടർന്ന് ടണൽ നിരവധി തവണ അടച്ചിരുന്നു. ഡൽഹിയിൽ ഇടത്തരം മഴ ലഭിക്കുമ്പോൾ തന്നെ ടണൽ വെള്ളത്തിൽ മുങ്ങുമായിരുന്നു. ഭൂമിക്കടിയിലുള്ള ടണലുകളിൽ ചെറിയ ലീക്കുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ, നിരന്തരമായി ആവശ്യപ്പെട്ടിട്ടും ടണലിൽ അറ്റകൂറ്റപ്പണി നടത്താൻ എൽ ആൻഡ് ടി തയാറായി​ല്ലെന്നും ഡൽഹി പൊതുമരാമത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് പി.ഡബ്യു.ഡി ഡിപ്പാർട്ട്മെന്റ് എൽ ആൻഡ് ടിക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു. സാമ്പത്തികവും മാനനഷ്ടവും വരുത്തിവെച്ചതിന് കമ്പനിക്കെതിരെ നടപടിയെടുക്കാതിരിക്കാനുള്ള കാരണം ഫെബ്രുവരി 18നകം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പിഡബ്ല്യുഡി ആവശ്യപ്പെടുന്നത്.അഞ്ചാമത്തെ അണ്ടർപാസിലെ തകരാറാണ് ടണലിലെ ബലക്ഷയത്തിനുള്ള പ്രധാന കാരണമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - 777-Crore Pragati Maidan Tunnel Beyond Repair, Needs Overhaul: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.