ന്യൂഡൽഹി: മറ്റു പിന്നാക്ക വിഭാഗത്തിൽ(ഒ.ബി.സി)പെട്ടവർക്ക് വിദ്യാലയ പ്രവേശനത്തിനും ഉദ്യോഗത്തിനും സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ആറു ലക്ഷത്തിൽനിന്ന് എട്ടു ലക്ഷം രൂപയാക്കി ഉയർത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പ്രതിവർഷം എട്ടു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽപെട്ടവർ ഇനി ക്രീമിലെയർ വിഭാഗത്തിൽ പെടില്ല. പൊതുമേഖല സ്ഥാപനങ്ങളിൽകൂടി മേൽത്തട്ടു പരിധി നടപ്പാക്കാനുള്ള നിർദേശം സർക്കാർ പരിഗണിച്ചുവരുന്നതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താലേഖകരോട് പറഞ്ഞു.
ഒ.ബി.സി വിഭാഗ സംവരണത്തിെൻറ നേട്ടം എല്ലാ വിഭാഗങ്ങൾക്കും ലഭിക്കാൻ പാകത്തിൽ ഒ.ബി.സിയിൽ ഉപവിഭാഗങ്ങളെ വേർതിരിക്കുന്നതിന് പ്രത്യേക കമീഷൻ രൂപവത്കരിക്കും. ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, പുതുച്ചേരി, കർണാടക, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട്, ജമ്മു-കശ്മീരിൽ ജമ്മു മേഖല എന്നിങ്ങനെ 11 സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാർ ഉദ്യോഗങ്ങളിൽ ഇത്തരത്തിൽ സംവരണം നടപ്പാക്കിയിട്ടുണ്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു. കേന്ദ്ര ഒ.ബി.സി ലിസ്റ്റിൽ ഇത്തരത്തിൽ ഉപവിഭാഗങ്ങളില്ല. ഇതുവഴി സംവരണത്തിെൻറ ആനുകൂല്യം അർഹർക്ക് കിട്ടാതെ പോകുന്ന അവസ്ഥ ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങൾ കമീഷൻ സമർപ്പിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.
മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷന് നൽകുന്ന നിർദേശം. സംവരണത്തിെൻറ കാര്യത്തിൽ മറ്റു പുനഃപരിശോധനകളില്ലെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ പിന്നാക്ക വിഭാഗ കമീഷൻ 2011ൽ നൽകിയ ശിപാർശ മുൻനിർത്തിയാണ് തീരുമാനം. പാർലെമൻറ് സ്റ്റാൻഡിങ് കമ്മിറ്റിയും ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരുന്നു. ഒ.ബി.സി വിഭാഗങ്ങളിലെ പിന്നാക്ക വിഭാഗങ്ങളെ സ്വന്തം ചേരിയിൽ ഒന്നിപ്പിച്ചു നിർത്താനുള്ള രാഷട്രീയ ലാക്കും ഇൗ നിർദേശത്തിൽ അടങ്ങിയിരിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.