ശ്രീനഗർ: ജമ്മു-കശ്മീരിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറു ഭീകരർകൂടി കൊല്ലപ്പെട്ടു. പുൽവാമയിൽ രണ്ടും ഷോപിയാനിൽ നാലും പേരാണ് വെള്ളിയാഴ്ച വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ വധിക്കപ്പെട്ടത്. ഇതോടെ, രണ്ടു ദിവസങ്ങളിലായി വധിക്കപ്പെട്ടവരുടെ എണ്ണം എട്ടായി. പുൽവാമയിലെ പാംപോറിലുള്ള മീജിൽ ഭീകരർ തമ്പടിച്ചെന്ന രഹസ്യ വിവരത്തെ തുടർന്ന് പ്രദേശം സുരക്ഷ സേന വളയുകയായിരുന്നു.
വ്യാഴാഴ്ച ഒരാൾ വധിക്കപ്പെട്ട ഇവിടെ രണ്ടു പേർ സമീപത്തെ പള്ളിയിൽ അഭയം തേടിയിരുന്നു. രാത്രി മുഴുവൻ പള്ളി വളഞ്ഞ സേന വെള്ളിയാഴ്ച രാവിലെ കണ്ണീർ വാതകം പ്രയോഗിച്ച് ഇവരെ പുറത്തെത്തിച്ച ശേഷം വധിക്കുകയായിരുന്നു. പള്ളിക്കകത്ത് വെടിവെപ്പോ സ്ഫോടക വസ്തുക്കളുടെ പ്രയോഗമോ ഉണ്ടായില്ലെന്നും ആരാധനാലയത്തിെൻറ പവിത്രത നശിപ്പിക്കുന്ന നടപടികളുണ്ടായില്ലെന്നും സംസ്ഥാന പൊലീസ് മേധാവി ദിൽബാഗ് സിങ് പറഞ്ഞു.
ഷോപിയാനിലെ മുനന്ദ്-ബന്ദ്പാവയിൽ നടന്ന നീക്കത്തിൽ വെള്ളിയാഴ്ച രാവിലെ നാലു ഭീകരരെകൂടി വധിച്ചതായി കേണൽ രാജേഷ് കാലിയ പറഞ്ഞു. ഇവിടെയും രഹസ്യ സൂചനയെ തുടർന്നായിരുന്നു നടപടി. വ്യാഴാഴ്ച ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ, ഷോപിയാനിൽ മരിച്ചവർ അഞ്ചായി. കൊല്ലപ്പെട്ടവർ പുറത്തുനിന്നെത്തിയവരല്ലെന്നാണ് സൂചന.
കശ്മീർ താഴ്വരയിൽ ഈ വർഷം ഇതുവരെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 100 കടന്നതായി ഐ.ജി. പി. വിജയ് കുമാർ അറിയിച്ചു. രണ്ടാഴ്ചക്കിടെ മാത്രം 30ഓളം പേരെയാണ് വധിച്ചത്. എല്ലാവരും പ്രദേശത്തുനിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.