84,560 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് അനുമതി

ന്യൂഡൽഹി: ആകാശത്തു വെച്ചു തന്നെ ഇന്ധനം നിറക്കുന്ന യുദ്ധവിമാനങ്ങൾ, സമുദ്ര നിരീക്ഷണത്തിനുള്ള പ്രത്യേക വിമാനങ്ങൾ, കൂറ്റൻ അന്തർവാഹിനികൾ, വ്യോമ പ്രതിരോധ റഡാറുകൾ, ന്യൂജനറേഷൻ ആന്റി ടാങ്ക് മൈനുകൾ എന്നിവയുൾപ്പെടെ 84,560 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് വെള്ളിയാഴ്ച അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) ആണ് അനുമതി നൽകിയത്.

പുതിയ യു​ദ്ധോപകരണങ്ങൾ വാങ്ങുന്നത് വഴി സായുധ സേനയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും കഴിവുകൾ വർദ്ധിക്കുമെന്ന് പ്രതിരോധ സേന വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ എയർഫോഴ്സിനു വേണ്ടി ആറ് ടാങ്കർ വിമാനങ്ങൾ വാങ്ങുന്നതിനാണ് അനുമതിയെന്നാണ് വിവരം.

ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും നിരീക്ഷണവും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന് മീഡിയം റേഞ്ച് നാവിക നിരീക്ഷണം, മൾട്ടി-മിഷൻ മാരിടൈം എയർക്രാഫ്റ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള പ്രാഥമിക അംഗീകാരം ലഭിച്ചതായും ഡി.എ.സി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. മാത്രമല്ല, ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനുമായി 15 സി-295 വിമാനങ്ങൾ വാങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസിൽ നിന്ന് ആദ്യത്തെ സി-295 വിമാനം സേനക്ക് കൈമാറിയിരുന്നു.

കൂടാതെ, ഇന്ത്യൻ നാവികസേനയുടെ കപ്പലുകളെ എതിരാളികൾ ഉയർത്തുന്ന ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിന് ദീർഘനേരം പ്രവർത്തിക്കാൻ കഴിവുള്ള സോണാർ ആക്റ്റീവ് ടവ്ഡ് അറേ വാങ്ങുന്നതിനും തുക അനുവദിച്ചു. കൂടാതെ, ചെറിയ റഡാറുകൾ, ട്രാക്കിംഗ് ഉപകരണങ്ങൾ എന്നിവയടക്കം നൂതന ഉപകരണങ്ങൾ വാങ്ങുന്നതിനും തുക അനുവദിച്ചതായി പ്രതിരോധ സേന വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - 84,560 crore defense deal approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.