ന്യൂഡൽഹി: മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച 6,671 കൗൺസിലർമാരിൽ 92 പേർ മുസ്ലിംകൾ. മധ്യപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രയധികം മുസ്ലിം സ്ഥാനാർഥികളെ ബി.ജെ.പി മത്സരിപ്പിക്കുന്നത് ആദ്യമായാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 50ൽ കുറവ് മുസ്ലിം സ്ഥാനാർഥികളെ മാത്രമാണ് ബി.ജെ.പി മത്സരിപ്പിച്ചിരുന്നത്. കോൺഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളിൽനിന്നാണ് ഇതിൽ ഭൂരിഭാഗം മുസ്ലിം സ്ഥാനാർഥികളും വിജയിച്ചതെന്നതും ശ്രദ്ധേയമാണ്. 25 വാർഡുകളിൽ കോൺഗ്രസിന്‍റെ ഹിന്ദു സ്ഥാനാർഥികളെയാണ് പരാജയപ്പെടുത്തിയത്. കൂടാതെ, 209 വാർഡുകളിൽ ബി.ജെ.പി മത്സരിപ്പിച്ച മുസ്ലിം സ്ഥാനാർഥികൾ രണ്ടാമതെത്തി.
2014ലെ തെരഞ്ഞെടുപ്പിൽ 400 മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിച്ച കോൺഗ്രസ്, ഇത്തവണ 450 സ്ഥാനാർഥികളെ മത്സരിപ്പിച്ചു. ഇതിൽ 344 പേർ വിജയിച്ചു. 2011ലെ സെൻസസ് പ്രകാരം മധ്യപ്രദേശ് ജനസംഖ്യയിൽ 6.57 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ വാർഡുകളിൽ വിജയം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മുസ്ലിം സ്ഥാനാർഥികളെ നിർത്തിയതെന്ന് ബി.ജെ.പി നേതാക്കൾ തന്നെ പറയുന്നു.
ചെറു ടൗണുകളിൽ മാത്രമാണ് മുസ്ലിംകൾക്ക് ബി.ജെ.പി ടിക്കറ്റ് നൽകിയത്. അതേസമയം, ഭോപ്പാൽ, ഇൻഡോർ, ജബൽപുർ ഉൾപ്പെടെയുള്ള നഗരങ്ങളിലൊന്നും മുസ്ലിംകളെ മത്സരിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്‍റെ വികസന യാത്രയിൽ എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്താനുള്ള ശ്രമങ്ങളുടെ വിജയമാണിതെന്ന് സംസ്ഥാന ബി.ജെ.പി വക്താവ് ഹിതേഷ് വാജ്പേയ് പ്രതികരിച്ചു.
അതേസമയം, 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു മുസ്ലിം സ്ഥാനാർഥിയെ മാത്രമാണ് ബി.ജെ.പി മത്സരിപ്പിച്ചത്. കോൺഗ്രസ് മൂന്നു സ്ഥാനാർഥികളെയും. സംസ്ഥാനത്തെ മുനിസിപ്പൽ കോർപറേഷനുകളിലും കൗൺസിലുകളിലും 80 ശതമാനവും ബി.ജെ.പിയാണ് ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.