ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ സ്വന്തം തട്ടകമാണ് കല്യാണ കർണാടക അഥവാ ഹൈദരാബാദ്- കർണാടക മേഖല. പഴയ ഹൈദരാബാദ് പ്രവിശ്യയുടെ ഭാഗമായിരുന്ന ബിദർ, കലബുറഗി (ഗുൽബർഗ), റായ്ച്ചൂർ, കൊപ്പാൽ, ബെള്ളാരി, യാദ്ഗിർ എന്നിവിടങ്ങളിൽ മുസ്ലിം, പിന്നാക്ക, ദലിത് വോട്ടുകളാണ് നിർണായകം. മേഖലയിൽ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ തങ്ങളുടെ വോട്ട്ബാങ്കിൽ ചോർച്ച ഭയക്കുന്നു.
മുൻ ബി.ജെ.പി മന്ത്രി കൂടിയായ ബെള്ളാരിയിലെ ഗാലി ജനാർദന റെഡ്ഡിയുടെ കല്യാണ രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി) മത്സരിക്കാനെത്തുന്നത് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നു. റെഡ്ഡി പാർട്ടിയുടെ സാന്നിധ്യം ഗുണകരമാവുമെന്ന് കരുതുന്ന കോൺഗ്രസിന് പക്ഷേ, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ (മജ്ലിസ് പാർട്ടി) പ്രചാരണത്തെയും മറികടക്കണം. 2018ൽ മേഖലയിലെ 40 സീറ്റിൽ 21ഉം കോൺഗ്രസിനൊപ്പമായിരുന്നു. ബി.ജെ.പിക്ക് 15ഉം ജെ.ഡി-എസിന് നാലും സീറ്റാണ് ലഭിച്ചത്. പിന്നീട് കലബുറഗിയിലടക്കം വിമത നീക്കമുണ്ടായത് കോൺഗ്രസിന് നന്നായി ക്ഷീണംചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഖാർഗെയുടെ തോൽവി അതിന്റെ പ്രതിഫലനമാണ്. ഇത്തവണ മല്ലികാർജുന ഖാർഗെ നേരിട്ടാണ് മേഖലയിലെ സ്ഥാനാർഥികളെ നിശ്ചയിച്ചത്. പല വിമത നേതാക്കളെയും പാർട്ടിയിൽ തിരിച്ചെത്തിച്ചു.
അതേസമയം, ഉവൈസിയുടെ വരവോടെ മുസ്ലിംവോട്ടുകൾ ചിതറിയേക്കുമെന്ന പേടി കോൺഗ്രസിനുണ്ട്. കർണാടകയിൽ 25 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മജ്ലിസ് പാർട്ടി ജെ.ഡി-എസുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. ചെറുകക്ഷികളുമായുള്ള സഖ്യസാധ്യത സജീവമാക്കിയ ജെ.ഡി-എസ് ഇതുവരെ 149 സീറ്റിൽ മാത്രമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ മത്സരിക്കാതെ ജെ.ഡി-എസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു ഉവൈസി. ജെ.ഡി-എസുമായുള്ള സഖ്യനീക്കം വിജയിച്ചാൽ മജ്ലിസ് പാർട്ടി കല്യാണ കർണാടകയിൽ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയേറെയാണ്.
പട്ടികജാതി-വർഗ സമുദായങ്ങൾ പ്രധാന വോട്ട്ബാങ്കാവുന്ന ബെള്ളാരിയിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് സർവേ ഫലങ്ങൾ. ബി.ജെ.പി അവഗണിക്കുന്നുവെന്ന ആരോപണമുയർത്തി കെ.ആർ.പി.പി രൂപവത്കരിച്ച ജനാർദന റെഡ്ഡി, 2008ൽ ദക്ഷിണേന്ത്യയിൽ ആദ്യമായി ബി.ജെ.പിക്ക് ഭരണത്തിലേറാൻ കർണാടകയിൽ ഓപറേഷൻ താമരക്ക് യെദിയൂരപ്പക്കൊപ്പം ചരടുവലിച്ച നേതാവാണ്.
ജനാർദന റെഡ്ഡി മത്സരിക്കുന്ന കൊപ്പാലിലെ ഗംഗാവതിയടക്കം മേഖലയിൽ ചുരുങ്ങിയത് ആറു സീറ്റെങ്കിലും കെ.ആർ.പി.പി നേടുമെന്നാണ് പ്രവചനം. ഇത് ബി.ജെ.പിയുടെ നെഞ്ചിടിപ്പാണ് കൂട്ടുന്നത്. തെരഞ്ഞെടുപ്പാനന്തര സഖ്യത്തെക്കുറിച്ച് ഇപ്പോഴേ നിലപാട് വ്യക്തമാക്കിയ റെഡ്ഡി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.