മുംബൈ: ഒരു കുപ്പി നിറയെ ചത്ത കൊതുകുകളെ കാണിച്ച്, ''ഒരു കൊതുകുവല അനുവദിക്കൂ...'' എന്ന അപേക്ഷയിലും കോടതിയുടെ 'മനസ്സലിഞ്ഞില്ല'. സുരക്ഷാ കാരണങ്ങളാൽ അനുവദിക്കാൻ കഴിയില്ലെന്നും കൊതുകിനെ അകറ്റുന്ന ക്രീമുകളും മറ്റും ഉപയോഗിച്ചോളൂ എന്നും പറഞ്ഞ് മുംബൈ ജയിലിലെ വിചാരണത്തടവുകാരന്റെ അപേക്ഷ സെഷൻസ് കോടതി തള്ളി.

2020ൽ അറസ്റ്റിലായി നവി മുംബൈക്കടുത്ത തലോജ ജയിലിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന അധോലോക സംഘാംഗവും ദാവൂദ് ഇബ്രാഹിമിന്റെ മുൻകാല അനുയായിയുമായിരുന്ന ഇജാസ് ലക്ഡാവാലയാണ് ഒരു 'കുപ്പി കൊതുകു'മായി കോടതിക്കു മുന്നിൽ നാടകീയമായി അവതരിച്ചത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇജാസിന് 2020ൽ ജയിലിൽ കൊതുകുവല അനുവദിച്ചിരുന്നുവെങ്കിലും സുരക്ഷാകാരണം കാണിച്ച് പിന്നീടത് എടുത്തുകളഞ്ഞു. വല അനുവദിക്കാനാവില്ലെന്നും കൊതുകിനെ അകറ്റുന്ന ഒഡോമോസ് പോലുള്ള ക്രീമുകൾ ഹരജിക്കാരനും ഇതേ ആവശ്യമുന്നയിച്ച മറ്റു ചിലർക്കും ഉപയോഗിക്കാമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

അതേസമയം, ചിലർക്ക് വല ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്തു. അധോലോക സംഘാംഗം തന്നെയായ കെ.ഡി. റാവുവിന് വല ഉപയോഗിക്കാൻ ഒരു ജഡ്ജി അനുമതി നൽകിയപ്പോൾ മറ്റൊരു ജഡ്ജി, ഭീമ കൊറേഗാവ് കേസിൽ തടവിൽ കഴിയുന്ന ചിലർക്ക് അനുമതി നിഷേധിക്കുകയും ചെയ്തു.

വിചാരണത്തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവലഖ ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.

Tags:    
News Summary - A bottle of mosquito -Still the court was reluctant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.