ഹേമ കമ്മിറ്റി മാതൃകയിൽ കന്നഡ സിനിമ മേഖലയിലും കമീഷൻ രൂപവത്കരിച്ചേക്കും

ബംഗളൂരു: കേരളത്തിലെ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കന്നഡ ചലച്ചിത്രമേഖലയിലും സ്ത്രീകൾക്കെതിരായ പീഡനങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷൻ രൂപവത്കരിച്ചേക്കും. ഈ ആവശ്യവുമായി കർണാടക സംസ്ഥാന വനിത കമീഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. കന്നഡ നടിമാരുമായി ഉടൻ യോഗം ചേരാൻ വനിതാ കമീഷൻ കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സിനും കത്തു നൽകി. ചില നടിമാർ കമീഷൻ ചെയർപേഴ്‌സൻ നാഗലക്ഷ്മി ചൗധരിക്ക് പീഡന പരാതി നൽകിയതിനെത്തുടർന്നാണിത്. യോഗത്തിന് ശേഷം കമീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും.

സ്ത്രീകൾക്കായി പ്രത്യേകം ടോയ്‌ലറ്റുകളുടെയും ഡ്രസിങ് റൂമുകളുടെയും അഭാവം, കാരവാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സിനിമാ ഷൂട്ടിങ്ങിന് ഒറ്റക്ക് പോകേണ്ട സാഹചര്യങ്ങൾ തുടങ്ങിയ പരാതികളാണ് കമീഷനോട് കെ.എസ്‌.സി.ഡബ്ല്യു ഉന്നയിച്ചതെന്ന് നാഗലക്ഷ്മി ചൗധരി പറഞ്ഞു, ‘ഞാൻ മുഖ്യമന്ത്രിക്കും വനിത കൂടിയായ ചീഫ് സെക്രട്ടറിക്കും ഫിലിം ചേംബറിനും കത്തെഴുതിയിട്ടുണ്ട്. കന്നഡ സിനിമാ മേഖലയിലെ വനിതാ താരങ്ങൾക്ക് സുരക്ഷയും സൗകര്യങ്ങളും ലഭിക്കണം. നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരാൻ ഒരു കമ്മിറ്റി രൂപവത്കരിക്കണം. നടിമാരെ ഷൂട്ടിങ്ങിന് കൊണ്ടുപോകുമ്പോൾ, അവർക്ക് ഒറ്റക്ക് യാത്ര ചെയ്യേണ്ടിവരുന്നുണ്ട്. അവരുടെ കുടുംബാംഗങ്ങൾക്ക് ബസ്സോ മുറിയോ സൗകര്യം നൽകുന്നില്ല. വനിതാ താരങ്ങൾക്കും സിനിമാ മേഖലയിലെ മറ്റുള്ളവർക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം. സ്ത്രീകൾക്ക് ആവശ്യമുള്ളത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമാനമായ ഒരു പ്രസ്ഥാനം ആവശ്യമാണെന്നും കമീഷൻ ചെയർപേഴ്സൻ വ്യക്തമാക്കി.

കന്നട സിനിമ മേഖലയിലെ കൂട്ടായ്മയായ ഫയർ (ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാലിറ്റി) കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണുകയും സിനിമാ മേഖലയിലെ വ്യാപകമായ അസമത്വവും വിവേചനവും ലൈംഗികാതിക്രമവും നേരിടാൻ സമഗ്രമായ റിപ്പോർട്ട് ആവശ്യമാണെന്ന് അറിയിക്കുകയുംചെയ്തിരുന്നു. കർണാടകയിലുടനീളമുള്ള 150ലധികം എഴുത്തുകാർ, നാടകപ്രവർത്തകർ, സാഹിത്യ-ചലച്ചിത്ര നിരൂപകർ, ചലച്ചിത്ര അഭിനേതാക്കൾ, സംവിധായകർ, നിർമാതാക്കൾ, പത്രപ്രവർത്തകർ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ എന്നിവർ ഒപ്പിട്ട തുറന്ന കത്ത് മുഖ്യമന്ത്രിക്ക് നൽകിയതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച. കന്നഡ സിനിമാ മേഖലയിലെ വ്യവസ്ഥാപിത പ്രശ്‌നങ്ങൾ പഠിക്കാൻ കേരളത്തിലെ ഹേമ കമ്മിറ്റിയുടെ മാതൃകയിൽ ഒരു കമ്മിറ്റി രൂപവത്കരിക്കണമെന്ന് കർണാടക സർക്കാറിനോട് ഫയർ അഭ്യർഥിച്ചു.

ലൈംഗിക പീഡനമുൾപ്പെടെ സിനിമാ മേഖലയിലെ വ്യവസ്ഥാപരമായ പ്രശ്‌നങ്ങൾ അന്വേഷിക്കാനും ഇൻഡസ്ട്രിയിലെ എല്ലാ സ്ത്രീകൾക്കും ആരോഗ്യകരവും തുല്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്ന നയങ്ങൾ ശിപാർശ ചെയ്യാനും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയമിക്കണമെന്നാണ് ഫയർ നൽകിയ കത്തിലെ പ്രധാന ആവശ്യം. നടിമാരായ സംയുക്ത ഹോരനാട്, ശ്രുതി ഹരിഹരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - A commission may be form in Kannada film sector on the model of Hema Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.