ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുക്കാൻ വിധിച്ച അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അശോക് ഭൂഷൺ തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കും. അഞ്ചുപേരെയും ക്ഷണിച്ചിരുന്നെങ്കിലും മറ്റുള്ളവർ പോകുന്നില്ല.
സുപ്രീംകോടതിയിൽനിന്ന് വിരമിച്ചശേഷം ജസ്റ്റിസ് അശോക് ഭൂഷണെ കേന്ദ്രസർക്കാർ ദേശീയ കമ്പനി നിയമ അപലേറ്റ് ട്രൈബ്യൂണൽ അധ്യക്ഷനാക്കിയിരുന്നു. രാജ്യസഭാംഗമാക്കിയ മുൻചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അസമിലെ പരിപാടികളുടെ തിരക്ക് പറഞ്ഞ് അയോധ്യ പരിപാടിക്ക് പോകുന്നില്ല. അയോധ്യ കേസ് വിധി പറഞ്ഞ ജഡ്ജിമാരെ ക്ഷണിച്ചത് വഴിവിട്ട നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
രഞ്ജൻ ഗൊഗോയിക്ക് പിന്നാലെ ചീഫ് ജസ്റ്റിസായ എസ്.എ. ബോബ്ദെ വിശ്രമ ജീവിതത്തിലാണ്. അദ്ദേഹവും ചടങ്ങിനില്ല. സുപ്രീംകോടതിക്ക് തിങ്കളാഴ്ച പ്രവൃത്തി ദിനമാണെന്നിരിക്കെ, നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ക്ഷണക്കത്തിനോട് പ്രതികരിച്ചില്ല.
സുപ്രീംകോടതിയിൽനിന്ന് വിരമിച്ചശേഷം ആന്ധ്രപ്രദേശ് ഗവർണറാക്കിയ ജസ്റ്റിസ് എസ്. അബ്ദുൽ നസീർ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുടെ പേരിൽ അയോധ്യയിലേക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.