ഹാഥറസ്: 121 പേരുടെ മരണത്തിനിടയാക്കിയ സത്സംഗ് സംഘടിപ്പിച്ച ആൾദൈവം ഭോലെ ബാബക്കെതിരെ ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ. ലൈംഗിക പീഡനക്കേസും ഇക്കൂട്ടത്തിലുണ്ട്. യു.പിയിൽ ആഗ്ര, ഇഠാവ, കാസ്ഗഞ്ജ്, ഫാറൂഖാബാദ് എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ആത്മീയതയുടെ മറവിലുള്ള രാഷ്ട്രീയ സ്വാധീനം മുതലെടുത്ത് ഇയാൾ പ്രാർഥന ചടങ്ങുകളുമായി മുന്നോട്ടുപോകുകയായിരുന്നു.
കാസ്ഗഞ്ജിലെ ബഹാദുർ നഗർ സ്വദേശിയായ ഭോലെ ബാബ നേരത്തെ പൊലീസിലാണ് ജോലി ചെയ്തിരുന്നത്. സൂരജ് പാൽ എന്നാണ് യഥാർഥ പേര്. 1997ൽ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായി. പുറത്തിറങ്ങിയ ഇയാൾ പിന്നീട് ജഗദ്ഗുരു സാകർ വിശ്വഹരി എന്ന പേരിൽ ഭോലെ ബാബയായി സ്വയം പ്രഖ്യാപിത ആൾദൈവം ചമയുകയായിരുന്നു. ഉത്തരേന്ത്യയിലുടനീളം ലക്ഷക്കണക്കിന് അനുയായികളാണ് ഇയാൾക്കുള്ളത്. വിവിധയിടങ്ങളിൽ ഇടക്കിടെ ഇത്തരം സത്സംഗ് സംഘടിപ്പിക്കാറുണ്ട്.
അതേസമയം, ഹാഥറസിലെ ചടങ്ങിന് പൊലീസ് വേണ്ടത്ര സുരക്ഷ മുൻകരുതലെടുത്തില്ലെന്ന ആരോപണവുമായി സംസ്ഥാന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. 80,000 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്ന പരിപാടിയിലേക്ക് ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ ബസുകളിൽ ആളെത്തിയിരുന്നു. ഇവരെ നിയന്ത്രിക്കാൻ പൊലീസ് സ്ഥലത്തെത്തിയിരുന്നില്ല. സംഘാടകർ ഏർപ്പെടുത്തിയ വളന്റിയർമാരാണ് കാൺപൂർ-കൊൽക്കത്ത ഹൈവേയിലെ ഗതാഗതവും നിയന്ത്രിച്ചിരുന്നത്. മരിച്ചവരിലേറെയും നിർധന കുടുംബങ്ങളിൽനിന്നുള്ള സ്ത്രീകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.