കൊല്ലപ്പെട്ട ഡൽഹി ഡിഫൻസ് ഓഫീസറുടെ വീട്​ മുസ്​ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധിസംഘം സന്ദർശിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ക്രൂരമായി ബലാത്സരം ചെയ്യപ്പെട്ട്​ കൊല്ലപ്പെട്ട സിവിൽ ഡിഫൻസ് ഓഫീസറുടെ വസതി മുസ്​ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധിസംഘം സന്ദർശിച്ചു. ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി, വൈസ് പ്രസിഡണ്ട് മുഹമ്മദ് ആരിഫ് റഹ്ബർ എന്നിവർ പെൺകുട്ടിയുടെ പിതാവിനെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. മകളുടെ കൊലക്ക്​ കാരണമായവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം എന്ന്​ പിതാവ്​ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ ഭർത്താവാണ് എന്നവകാശപ്പെട്ട് കഴിഞ്ഞ 27 ന് പൊലീസിനു മുന്നിൽ ഹാജരായ നിസാമുദ്ദീൻ എന്നയാൾ യഥാർത്ഥ പ്രതിയല്ലെന്ന് കുടുംബം പറഞ്ഞു. 'ഇങ്ങനെയൊരാളെക്കുറിച്ച് അവൾ തങ്ങളോട് പറഞ്ഞിട്ടേയില്ല. മരണ ശേഷവും എന്‍റെ മകളെ നുണക്കഥകൾ കൊണ്ട് വേട്ടയാടുകയാണ്'- പിതാവ്​ മുസ്​ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധിസംഘത്തോട്​ പറഞ്ഞു.

കഴിഞ്ഞ 26 നാണ് ജോലിക്ക് പോയ മകളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിന് പരാതി നൽകിയത്. 27 ന് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് മൃഗീയമായി കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. ഇതിന്‍റെ പിറ്റേ ദിവസമാണ് പ്രതിയെന്ന പേരിൽ നിസാമുദ്ദീൻ എന്ന യുവാവ് കീഴടങ്ങുന്നത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിനു പിന്നിൽ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സി. ബി.ഐ അന്വേഷണം വേണമെന്നും പിതാവ്​ ആവശ്യപ്പെട്ടു. നീതി ലഭ്യമാക്കാനുള്ള നിയമ പോരാട്ടത്തിൽ മുസ്​ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി കൂടെയുണ്ടാകുമെന്ന് നേതാക്കൾ ഉറപ്പ് നൽകി.

പെൺകുട്ടിക്ക്​ നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ദേശവ്യാപകമായി യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ ജ്വാല തീർക്കുമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ: വി കെ ഫൈസൽ ബാബു എന്നിവർ അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലിലെ മുഴുവൻ യൂത്ത് ലീഗ് ഘടകങ്ങളും പ്രതിഷേധത്തിന്‍റെ ഭാഗമാകും. കേരളത്തിലും യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ സമരത്തിൽ അണിനിരക്കും. നിർഭയയെ പോലെ തന്നെ ഇവരും രാജ്യത്തിന്‍റെ മകളാണെന്നും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കി പ്രതികൾ ശിക്ഷിക്കും വരെ യൂത്ത് ലീഗ് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.

Tags:    
News Summary - A national delegation of the Muslim Youth League visited the house of the slain Delhi Defense Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.