അഹമദാബാദ്: വളർത്തുനായക്ക് ഭാര്യയുടെ ഓമനപേരിട്ടതിന് യുവതിയെ തീ കൊളുത്തികൊലപ്പെടുത്താന്‍ അയല്‍വാസിയുടെ ശ്രമം. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ നീതാബെൻ സർവയ്യ (35) എന്ന യുവതി ഭാവ്‌നഗറിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ അയൽവാസിയായ സുരഭായ് ഭർവാദും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഗുജറാത്തിലാണ് സംഭവമുണ്ടായത്.
നീതാബെൻ സർവയ്യ തന്‍റെ വളർത്തുനായക്ക് "സോനു" എന്ന പേര് നൽകിയതാണ് വിവാദത്തിന് വഴിതെളിച്ചത്. നായ്ക്കുട്ടിക്ക് തന്‍റെ ഭാര്യയുടെ പേര് മനപ്പൂർവ്വം നൽകിയതാണെന്നാരോപിച്ച് അയൽവാസിയായ സുരഭായ് ഭർവാദും മറ്റു അഞ്ച് പേരും വീട്ടിലേക്ക് അതിക്രമിച്ചു കയറി തീകൊളുത്തുകയായിരുന്നു. ഭർവാദ് തന്നെ അധിക്ഷേപിച്ചുവെന്നും താൻ അടുക്കളയിൽ കയറിയ സമയം നോക്കി ഇവരിൽ ഒരാൾ കണ്ടെയ്‌നറിൽ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടികൊണ്ട് തീകൊളുത്തുകയായിരുന്നുവെന്ന് നീതാബെൻ പോലീസിന് മൊഴി നൽകി.
കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട് സർവയ്യയുടെയും അക്രമികളുടെയും കുടുംബങ്ങൾ നേരത്ത വഴക്കുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൊലപാതകശ്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ, അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആറ് പേർക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.