കാബൂൾ/ ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേന വിമാനം പുറപ്പെട്ടു. 85 പേരാണ് വിമാനത്തിലുള്ളത്. താജിക്കിസ്താനിൽ ഇറങ്ങിയാണ് വിമാനം ഇന്ധനം നിറച്ചതെന്നും എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. താജിക്കിസ്താനിലെ ദുഷാൻമ്പെയിൽ ആളുകളെ ഇറക്കുകയും ശേഷം എയർ ഇന്ത്യ വിമാനത്തിൽ ഇവരെ രാജ്യത്തെത്തിക്കുമെന്നുമാണ് കരുതുന്നത്.
അതേസമയം, കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് നിരവധ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലേക്ക് മടങ്ങാനാണ് ഇവർ വിമാനത്താവളത്തിലേക്ക് എത്തിയത്. എന്നാൽ, ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല.
കുമ്പള: കാസർകോട് സ്വദേശിനിയായ കന്യാസ്ത്രീ നാട്ടിലേക്കുള്ള മടക്കവും കാത്ത് കാബൂളിൽ. സീതാംഗോളി ബേളയിലെ സിസ്റ്റർ തെരേസ ക്രാസ്തയാണ്(48) കാബൂളിൽ വിമാനത്താവളത്തിൽ നിന്ന് റോഡുമാർഗം കേവലം പതിനഞ്ച് മിനിറ്റ് യാത്രാദൂരത്തുള്ള സ്കൂളിൽ കഴിയുന്നത്. ആഗസ്റ്റ് 17ന് സ്കൂളടച്ച് ഇറ്റലി വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, കാബൂളിൽ താലിബാൻ അധിനിവേശത്തിൽ വിമാനത്താവളം അടക്കപ്പെട്ടതോടെ സിസ്റ്റർ തെരേസ ക്രാസ്തയും പാക്കിസ്താനിൽ നിന്നുള്ള ഒരു സിസ്റ്ററും ഇവിടെ കുടുങ്ങുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ഇറ്റാലിയൻ സ്വദേശിനിയായ മറ്റൊരു സിസ്റ്റർ നേരത്തെതന്നെ മടങ്ങിയിരുന്നു. വത്തിക്കാനിലെ പോപ്പിെൻറ ക്ഷണം സ്വീകരിച്ചാണ് യുദ്ധഭൂമിയിലും മറ്റും ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി സന്നദ്ധ പ്രവർത്തനം നടത്താൻ 2017ൽ സിസ്റ്റർ ഇറ്റലിയിലേക്ക് പറന്നത്. അതുവരെ മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. ഇറ്റലിയിൽ നിന്നാണ് കാബൂളിലെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിശീലകയായി നിയോഗിക്കപ്പെട്ടത്. ഇവിടെ മുപ്പത് പ്രാദേശിക വിദ്യാർഥികളെ പരിശീലിപ്പിച്ചുവരുകയായിരുന്നു.
പി.ബി.കെ ഇറ്റാലിയാന എന്ന കമ്പനിക്കു കീഴിലാണ് ഇവർ അഫ്ഗാനിലെത്തിയത്. കമ്പനി അധികൃതർ ഇവരോട് തൽക്കാലം കാബൂളിൽ തന്നെ തങ്ങാനാണ് നിർദേശിച്ചിട്ടുള്ളതെന്നാണ് വിവരം. ഇറ്റലി എംബസിയും ഇന്ത്യൻ എംബസിയും ഇവരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കുകയും ആവശ്യമായ സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു. കാബൂൾ വിമാനത്താവളം തുറന്നാലുടൻ ഇരുവരെയും ഇറ്റലിയിലെത്തിച്ച് നാട്ടിലേക്കയക്കുമെന്നാണ് ഇറ്റലിയിലെ കമ്പനി അധികൃതർ ഇവർക്ക് ഉറപ്പു നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.