ന്യൂഡൽഹി: രാജ്യസഭയിൽനിന്ന് പിരിയാൻ നേരത്ത് കോൺഗ്രസ് നേതാവ് ഗുലാംനബിയുടെ ദേശസ്നേഹവും വ്യക്തിബന്ധവും പറഞ്ഞ് കണ്ണീർപൊഴിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, നിർണായക രാഷ്ട്രീയ തീരുമാനങ്ങളിലൊരിക്കലും പ്രതിപക്ഷ നേതാവെന്ന നിലയിലോ സുഹൃത്തെന്ന നിലയിലോ അദ്ദേഹത്തെ വകവെച്ചില്ലെന്നത് സമീപകാല ചരിത്രം. ദേശീയതലത്തിൽ പതിറ്റാണ്ടുകളായി അറിയപ്പെടുന്ന ജമ്മു-കശ്മീർ മുഖമാണ് ഗുലാംനബി ആസാദ്.
അദ്ദേഹത്തിെൻറ രാജ്യസഭയിലെ വിടവ് നികത്താൻ മറ്റാർക്കെങ്കിലും കഴിയുമോ എന്ന് സംശയമാണെന്ന് മോദി രാജ്യസഭയിൽ പറഞ്ഞു. എന്നാൽ, ഇത്രയും അനുഭവമുള്ള ഗുലാംനബിയോട് ജമ്മു-കശ്മീർ സംബന്ധിച്ച നിർണായക തീരുമാനങ്ങളിലൊന്നും മോദിസർക്കാർ കൂടിയാലോചന നടത്തിയില്ല. 370ാം ഭരണഘടനാ വകുപ്പു പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചപ്പോൾപോലും.
ജമ്മു-കശ്മീരിലേക്ക് അദ്ദേഹത്തിെൻറ യാത്രവരെ തടഞ്ഞു. പ്രതിപക്ഷ നേതാവെന്നതു കൂടി കണക്കിലെടുത്ത് തടങ്കൽ ഒഴിവാക്കിയെന്നുമാത്രം. ജമ്മു-കശ്മീർ സാഹചര്യങ്ങൾ വിലയിരുത്താനും, അവിടെത്ത ജനതക്ക് സാന്ത്വന സ്പർശം നൽകാനും സർവകക്ഷി സംഘത്തെ അയക്കണമെന്ന് ഗുലാംനബി അടക്കമുള്ളവർ ആവശ്യപ്പെട്ടതാണ്. മോദിസർക്കാർ കേട്ടില്ല.
കോൺഗ്രസ് ആഗ്രഹിച്ചാൽകൂടി ഗുലാംനബിക്ക് വീണ്ടുമൊരിക്കൽകൂടി ജമ്മു-കശ്മീരിൽനിന്ന് രാജ്യസഭയിൽ എത്താൻ കഴിയാതെ പോകുന്നതിന് പ്രധാന കാരണം മോദിസർക്കാറിെൻറ രാഷ്ട്രീയ തീരുമാനമാണ്. ജമ്മു-കശ്മീർ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതിനാലാണ് അവിടെനിന്ന് രാജ്യസഭയിൽ വീണ്ടുമെത്താൻ ഗുലാംനബിക്ക് കഴിയാതെ പോകുന്നത്. നിയമസഭ ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും വിചാരിച്ചാൽ ഗുലാംനബിയെ രാജ്യസഭയിൽ എത്തിക്കാമായിരുന്നു.
ദേശസ്നേഹിയായ മുസ്ലിം നേതാവ് എന്ന നിലയിൽ ഗുലാംനബിയെ അവതരിപ്പിച്ച മോദി, കോൺഗ്രസിനുള്ളിലെ കലഹത്തിലേക്കും കണ്ണുവെച്ചാണ് പ്രസംഗിച്ചത്. സഭയിൽനിന്ന് പിരിഞ്ഞാലും ദുർബലനാകാൻ അനുവദിക്കില്ലെന്നും, തെൻറ വാതിൽ തുറന്നിട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.
കോൺഗ്രസിൽ ഹൈകമാൻഡിെൻറ വിശ്വസ്ത പ്രതിനിധിയെന്ന പദവിയിൽനിന്ന് അടുത്തകാലത്തു മാത്രമാണ് ഗുലാംനബി തരംതാഴ്ത്തപ്പെട്ടത്. പാർട്ടിയിൽ അടിമുടി അഴിച്ചുപണി വേണമെന്ന ആവശ്യവുമായി കലാപം ഉയർത്തിയ 23 നേതാക്കളിൽ പ്രധാനിയാണ് ഗുലാംനബി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.