ദിവസങ്ങൾക്കകം മുടി കൊഴിഞ്ഞ് മൊട്ടയാവുന്നു; ആശങ്കയിൽ മൂന്ന് ഗ്രാമങ്ങൾ

മുംബൈ: ഒരാഴ്ചക്ക് മുമ്പാണ് ബുൽദാന ജില്ലയിലെ ബോൻഡോഗോൺ ഗ്രാമത്തിലെ കർഷകന് തലയിൽ ചൊറിച്ചിലുണ്ടായത്. തുടർന്ന് മുടികൊഴിച്ചിലുമുണ്ടായി. എന്നാൽ, രണ്ട് ദിവസത്തിനുള്ളിൽ ഇയാളുടെ മുഴുവൻ മുടിയും കൊഴിഞ്ഞു പോയതോടെയാണ് മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളെ വലച്ച പ്രശ്നത്തിന് തുടക്കമായത്.

ബുൽദാന ജില്ലയിലെ ബോണ്ടോഗോവ്, കൽവാദ്, ഹിങ്ക തുടങ്ങിയ മൂന്ന് ഗ്രാമങ്ങളിലെ 55 പേരുടെ മുടിയാണ് മുഴുവനും കൊഴിഞ്ഞ് പോയത്. പെട്ടെന്ന് മുടികൊഴിച്ചിൽ തുടങ്ങുകയും രണ്ട് ദിവസത്തിനുള്ളിൽ ഇവരുടെ മുടി പൂർണമായും കൊഴിഞ്ഞു പോവുകയും ചെയ്യുകയായിരുന്നു. മുടികൊഴിച്ചിൽ ഉണ്ടാവുന്നവരുടെ എണ്ണം വരും ദിവസങ്ങളിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

ബുൽദാന നഗരത്തിൽ നിന്നും 80 കിലോ മീറ്റർ അകലെയാണ് മൂന്ന് ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്. 1700 ആണ് ജനസംഖ്യ. ഭൂരിപക്ഷവും കർഷകരും കാർഷികവൃത്തിയുമായി അനുബന്ധിച്ചുള്ള ജോലികൾ ചെയ്യുന്നവരുമാണ്. ജനുവരി രണ്ടാം തീയതിയാണ് ആദ്യത്തെ മുടികൊഴിച്ചിൽ കേസ് റിപ്പോർട്ട് ചെയ്തതെന്ന് ഗ്രാമത്തിലെ സർപഞ്ച് പറഞ്ഞു.

ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകൾക്കാണ് മുടികൊഴിച്ചിൽ ഉണ്ടായത്. മുടികഴുകുന്ന ഉൽപന്നത്തിന്റെ പ്രശ്നമാണെന്ന സംശയമാണ് ഡോക്ടർമാർ ആദ്യം ഉന്നയിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി അയക്കുകയും ചെയ്തു. എന്നാൽ, മറ്റ് ഗ്രാമങ്ങളിലുള്ള ചിലർക്കും മുടികൊഴിച്ചിൽ ഉണ്ടായതോടെയാണ് വിഷയം അധികൃതർ ഗൗരവത്തിലെടുത്തതെന്നും സർപഞ്ച് പറഞ്ഞു.

ഒരാഴ്ചക്കുള്ളിൽ നിരവധി പേരുടെ മുടി കൊഴിഞ്ഞതോടെ ആശങ്കയുണ്ടായതെന്ന് ഗ്രാമീണർ പറഞ്ഞു. നാട്ടിലുള്ള ഡോക്ടർക്ക് ഇതിന്റെ കാരണം കണ്ടെത്താൻ സാധിക്കുന്നില്ല. ഒരു മരുന്നും ഗ്രാമത്തിലെ ഡോക്ടർ നൽകുന്നില്ലെന്നും ഗ്രാമീണർ പരാതിപ്പെടുന്നു.

ഗ്രാമങ്ങളിലെ മുടികൊഴിച്ചിൽ വ്യാപകമായതോടെ ആരോഗ്യവകുപ്പ് അധികൃതർ സംഭവമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് വെള്ളത്തിന്റേയും മുടിയുടേയും ത്വക്കിന്റേയും സാമ്പിളുകൾ ശേഖരിച്ചു. മുടികൊഴിയാനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെങ്കിലും വെള്ളത്തിന്റെ ഗുണനിലവാരമാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.

വെള്ളത്തിന്റെ ഗുണനിലവാരകുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നമാണ് ഗ്രാമങ്ങളിലുള്ളതെന്ന് പ്രദേശത്ത് 24 വർഷമായി പ്രവർത്തിക്കുന്ന ഡോക്ടർ വ്യക്തമാക്കി. ഇതുമൂലമുണ്ടാവുന്ന ഫംഗൽ ഇൻഫെക്ഷനാണ് മുടികൊഴിച്ചിലിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങളുടേത് ഉപ്പുവെള്ളമാണ്. വെള്ളത്തിൽ അലിഞ്ഞുചേർന്ന ഖരപദാർത്ഥങ്ങളുടെ (TDS) അളവ് 1200 നും 1500 നും ഇടയിലാണ്. മുമ്പ് ഈ വെള്ളം കുടിച്ചിരുന്നെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടിവെള്ള ആവശ്യങ്ങൾക്കായി ടാങ്കർ വെള്ളത്തെയാണ് ഞങ്ങൾ ആശ്രയിക്കുന്നത്. ജില്ല ആശുപത്രി അധികൃതർ എല്ലാ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഫലങ്ങൾ പുറത്തുവന്നുകഴിഞ്ഞാൽ ഭാവി നടപടികൾ ഞങ്ങൾ ആരംഭിക്കുമെന്ന് ബുൽദാന ജില്ലാ കലക്ടർ കിരൺ പാട്ടീൽ പറഞ്ഞു.

Tags:    
News Summary - Spate of mysterious hair loss causes panic in 3 Buldhana villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.